ഒറ്റക്കണ്ണുകൊണ്ട് കല്ലുകള്‍ക്ക് നിറമേകി, 10 മണിക്കൂർ കൊണ്ട് 48 രാജ്യങ്ങളുടെ പതാകകൾ വരച്ച് ശരണ്‍

By Web TeamFirst Published Apr 11, 2021, 3:16 PM IST
Highlights

കൈ വെള്ളയിൽ ഒതുങ്ങുന്ന കല്ലുകളുടെ പുറത്ത് ശരൺ 10 മണിക്കൂർ കൊണ്ട് വരച്ചത് ഏഷ്യയിലെ 48 രാജ്യങ്ങളുടെ പതാകകൾ

തിരുവനന്തപുരം: കാഴ്ച ഒരു കണ്ണിന് മാത്രം, പരിമിതികളേറേയുണ്ട്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഒരു കണ്ണിൻറെ കാഴ്ചയുടെ സഹായത്തോടെ ശരണ്‍ കല്ലുകകളെ  ക്യാൻവാസ് ആക്കിമാറ്റിയപ്പോള്‍ പിറന്നത്  ചരിത്രനേട്ടം. കൈ വെള്ളയിൽ ഒതുങ്ങുന്ന കല്ലുകളുടെ പുറത്ത് ശരൺ 10 മണിക്കൂർ കൊണ്ട് വരച്ചത് ഏഷ്യയിലെ 48 രാജ്യങ്ങളുടെ പതാകകൾ. ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലും ശരണിന് സ്ഥാനം നല്‍കി.

ചൊവ്വള്ളൂർ പ്ലാക്കോട് "ശംഖൊലി"യിൽ ഗോപകുമാർ - വിജയശ്രീ ദമ്പതികളുടെ മകനും ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരനുമാണ് ശരൺ (27). വർണ്ണങ്ങൾ ചാലിച്ച് കുട്ടിക്കാലം മുതൽക്കേ ചിത്രരചനയിൽ കഴിവു തെളിയിച്ച ശരൺ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സഹപാഠിയുടെ കൈപ്പിഴയിൽ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടവനാണ് ശരൺ. 2006 ഒക്ടോബർ 13 ന് ചൊവ്വള്ളൂർ ഹൈസ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ ശരണും പങ്കാളിയായിരുന്നു. ശുചീകരണ ജോലിക്കിടെ സഹപാഠിയുടെ കയ്യിലിരുന്ന കത്തി യാദൃശ്ചികമായി ശരണിൻന്‍റെ ഇടത്  കണ്ണിൽ  തറച്ചു. 

ഈ അപകടത്തിൽ ഇടതു കണ്ണിന്‍റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. പിന്നിട് ഒറ്റക്കണ്ണിൻറെ സഹായത്തോടെ ജീവിതത്തിന് നിറം പകർത്തി മുന്നേറുകയാണ് ശരൺ. 48 രാജ്യങ്ങളുടെ പതാകകൾ 4 x 3 സെ.മി അളവുകളിൽ തുടർച്ചയായ 10 മണിക്കൂർ കൊണ്ട് ഒരു കണ്ണിന്‍‌റെ സഹായത്തോടെ വരച്ചു തീർത്തതിനാണ് ശരണിന് അംഗീകാരങ്ങൾ ലഭിച്ചത്. ഗിന്നസ് ബുക്കിൽ ഇടം നേടുക എന്നതാണ് ശരണിന്‍റെ ലക്ഷ്യം. അതിനുള്ള അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. മ്യൂറൽ പെയിൻറിംഗ്, പെൻസിൽ ഡ്രോയിംഗ്, ആബ്സ്ട്രാക്ട് പെയിന്‍റിംഗ്,  ഡൂഡിൽ ആർട്ട്, ഓയിൽ പെയിൻറിംഗ്, വാട്ടർ കളർ എന്നിവയിലും ശരൺ തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. 

click me!