
മാനന്തവാടി: വയനാട് മാനന്തവാടിയിൽ പട്ടാപകൽ സ്വർണ്ണമാല മോഷണം. ബൈക്കിലെത്തിയ മോഷ്ടാവ് കാൽനട യാത്രകാരിയുടെ മാല കവർന്ന് രക്ഷപ്പെട്ടു. മാനന്തവാടി പൊലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ തുടങ്ങി.
സംഭവം ഇങ്ങനെ
ഇന്നുച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. മാനന്തവാടി മൈസൂർ റോഡിൽ വെച്ചാണ് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. സ്വർണ വ്യാപാര സ്ഥാപനത്തിന്‍റെ മുൻപിൽ വെച്ചായിരുന്നു കവർച്ച. മാനന്തവാടി ഡി എഫ് ഒ ഓഫീസിലെ ജീവനക്കാരി റോസിലിറ്റ് ജോസഫിന്‍റെ സ്വർണ മാലയാണ് കവർന്നത്. മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടമായത്. യുവതി മാനന്തവാടി ടൗണിലേക്ക് പോവുകയായിരുന്നു. ഈ സമയം നിർത്തിയിട്ടിരുന്ന ബൈക്ക് മുന്നോട്ടേക്ക് എടുത്ത് യുവതിയുടെ മാല തട്ടിപറിച്ച് കടന്നുകളഞ്ഞു. ചെക്ക് ഷർട്ടും, കറുത്ത പാന്‍റും ധരിച്ച യുവാവാണ് ബൈക്കിലെത്തിയത്. യുവതി ബൈക്കിന് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. മോഷ്ടാവ് അതിവേഗം അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് യുവതി മാനന്തവാടി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലെ സി സി ടി വിയിൽ നിന്ന് പ്രതിയെ കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. മോഷ്ടാവ് ഉടൻ തന്നെ പിടിയിലകുമെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കൊടുവള്ളിയിലെ പഴക്കടയില്‍ നിന്ന് ഏഴായിരം രൂപ വിലയുള്ള ബാറ്ററിയും 10 കിലോയിലധികം പഴങ്ങളും കവര്‍ന്ന രണ്ടംഗ സംഘത്തിലെ ഒരാളെ കൊടുവള്ളി പൊലിസ് പിടികൂടി എന്നതാണ്. കൊടുവള്ളി കിഴക്കോത്ത് റോഡ് ജംഗ്ഷനിലെ പഴക്കടയില്‍ മോഷണം നടത്തിയ കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി യൂസഫ് (24) ആണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.