ഭാര്യ മറ്റാരുടെയോ ഒപ്പം ഒളിച്ചോടിയെന്ന കഥ ജനങ്ങൾ വിശ്വസിച്ചത് 15 വർഷം; കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയിട്ടതെന്ന് പൊലീസ്

Published : Jul 28, 2025, 06:23 PM IST
Kala Death

Synopsis

ആലപ്പുഴയിലെ കല എന്ന സ്ത്രീയുടെ കൊലപാതകത്തിന്റെ അന്വേഷണം വഴിമുട്ടിയ നിലയിൽ. ഭർത്താവിനെ നാട്ടിലെത്തിക്കാൻ കഴിഞ്ഞില്ലെന്നും ആരോപണമുയരുന്നുണ്ട്.

മാന്നാർ: ആലപ്പുഴയിലെ കല എന്ന സ്ത്രീയുടെ കൊലപാതകത്തിന്റെ അന്വേഷണം വഴിമുട്ടിയ നിലയിൽ. ഭർത്താവിനെ നാട്ടിലെത്തിക്കാൻ കഴിഞ്ഞില്ലെന്നും ആരോപണമുയരുന്നുണ്ട്. കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. പതിനഞ്ച് വർഷം മുൻപ് കാണാതായ കല കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത് കഴിഞ്ഞവർഷം ജൂലൈയിലാണ്.

കഴിഞ്ഞവർഷം ജൂലൈയിലെ ഒരു പ്രഭാതത്തിൽ ചെന്നിത്തല ഗ്രാമം ഉണർന്നത് ഞെട്ടിക്കുന്ന ഒരു കൊലപാതക വാർത്ത കേട്ടാണ്. ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ ഭർത്താവ് ചെന്നിത്തല കണ്ണംപള്ളിൽ അനിൽകുമാർ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മൂടിയെന്ന വാർത്തയാണ് പരന്നത്. അനിൽ കുമാർ വിദേശത്തായിരുന്ന സമയത്ത് കല മറ്റൊരാളുമായി അടുപ്പത്തിലാകുകയും ഇവർ അയാളോടൊപ്പം നാടുവിട്ടു പോയതായിട്ടുമാണ് അന്ന് നാട്ടിൽ പരന്ന കഥ. നാട്ടുകാർ അത് വിശ്വസിക്കുകയും അനിൽ പിന്നീട് വേറെ വിവാഹം കഴിക്കുകയും വിദേശത്ത് ജോലിക്കായി പോവുകയും ചെയ്തു. ഈ അവസരത്തിലാണ് കഴിഞ്ഞ വർഷം ജൂലൈയിൽ പൊലീസ് പുതിയ അന്വേഷണവുമായി എത്തിയത്. കാണാതായ കലയെ 15 വർഷത്തിനു മുമ്പ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയിട്ടതായിട്ടാണ് പൊലീസ് കണ്ടെത്തിയത്.

ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ടാങ്ക് പൊളിച്ച് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തി. മാന്നാറിലെ കൊലപാതകത്തിൽ തെളിവുകൾ ശേഖരിക്കുന്നതിന് പൊലീസിന് ഏറെ വെല്ലുവിളി നേരിടേണ്ടിവന്നു. 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടി എന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് ഒരു ലോക്കറ്റും അസ്ഥി എന്നു കരുതാവുന്ന ചെറിയ കഷണങ്ങളും മുടിനാരിഴയും തലയിലിടുന്ന ക്ലിപ്പും അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കുമാണ് ലഭിച്ചത്. ഇവയുടെ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറൻസിക് ലാബിന് കൈമാറി. മനുഷ്യശരീരത്തിന്റെ ഏതെങ്കിലും ഭാഗമോ മറ്റോ ആണോയെന്നത് മാത്രമായിരുന്നു പൊലീസിനു വേണ്ടിയിരുന്നത്. അസ്ഥിക്കഷണങ്ങളെന്ന് സംശയിക്കുന്നവയിൽ നിന്നോ മുടിനാരിഴയിൽ നിന്നോ ഡിഎൻഎ സാമ്പിളുകൾ ലഭിച്ചാൽ മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. അസ്ഥികളിൽ മജ്ജയുടെ അംശം ഒട്ടുമില്ലെങ്കിൽ ഡിഎൻഎ ശേഖരണം ബുദ്ധിമുട്ടാകുമെന്നും തലയോട്ടിയുൾപ്പെടെ കിട്ടാത്തതിനാൽ മരണകാരണമായ പരിക്കുകളോ ആഘാതമോ തിരിച്ചറിയാനും പ്രയാസമാണന്നും അന്നേ പറഞ്ഞിരുന്നു.

പിന്നീട്, ഫോറൻസിക് ലാബ് പരിശോധനാ ഫലത്തിൽ ഒന്നും കണ്ടത്താൻ കഴിഞ്ഞില്ല. കേസിൽ സാഹചര്യത്തെളിവുകളാണ് പൊലീസിന് ആകെയുണ്ടായിരുന്ന പിടിവള്ളി. ഭർത്താവ് അനിലിന്റെ മൊഴിയും നിർണായകമാണ്. ഇയാൾ കുറ്റസമ്മതം നടത്തിയാൽ കാര്യങ്ങൾ 15 വർഷം മുൻപ് യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ മൂടിയ സംഭവത്തിന് വഴിത്തിരിവായത് ഒരു ഊമക്കത്തായിരുന്നു. അമ്പലപ്പുഴ പൊലീസിനാണ് ഊമക്കത്ത് ലഭിക്കുന്നത്. 15 വർഷം മുൻപ് ചെന്നിത്തലയിൽ നിന്ന് മുങ്ങിയതായി പറയപ്പെടുന്ന കലയെ കൊലപ്പെടുത്തിയതാണന്നും മൃതദേഹം ഭർത്താവിൻറെ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നുമായിരുന്നു ഊമക്കത്തിന്റെ ഉള്ളടക്കം. മറ്റൊരു കേസിൽ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡിലുള്ള ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളി ഭാഗം പ്രമോദിന് സംഭവത്തിൽ പങ്കുണ്ടെന്നും സൂചിപ്പിച്ചിരുന്നു.

ഈ ഊമക്കത്ത് ആലപ്പുഴ പൊലീസ് മേധാവിക്ക് കൈമാറുകയും തുടർന്ന് അന്വേഷത്തിന് അമ്പലപ്പുഴ പൊലീസിന് നിർദേശം നൽകുകയുമായിരുന്നു. ഒരാഴ്ചയോളം ഇരമത്തൂരിലും പരിസര പ്രദേശങ്ങളിലും അമ്പലപ്പുഴ പോലീസ് രഹസ്യമായ അന്വേഷണം നടത്തി. ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ കൊലപാതകത്തിൽ പങ്കുണ്ടെന്നു കരുതുന്ന കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനു ഗോപി (48), കണ്ണമ്പള്ളിൽ സോമരാജൻ (55), കണ്ണമ്പള്ളിൽ പ്രമോദ് (45), സുരേഷ് എന്നിവരെ ചോദ്യം ചെയ്തതിലാണ് മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടിയതായി പറഞ്ഞത്. ഇതിൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കുകയും മറ്റ് മൂന്നു പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിടുകയും ചെയ്തു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്.

കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് പ്രതികൾ. കലയെ കൊലപ്പെടുത്തിയതായി അനിൽകുമാർ അറിയിച്ചതായി മുഖ്യസാക്ഷി സുരേഷ് പറഞ്ഞിരുന്നു. അനിൽ വിളിച്ചതനുസരിച്ച് വലിയപെരുമ്പഴ പാലത്തിൽ എത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നും ഇവർ പറഞ്ഞിരുന്നു. അബദ്ധം പറ്റിയതായും കല കൊല്ലപ്പെട്ടതായും മറവുചെയ്യാൻ സഹയിക്കണമെന്നും അനിൽ പറഞ്ഞുവത്രേ. അന്നത്തെ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നേരിട്ടാണ് കേസ് അന്വേഷിച്ചത്. കേസന്വേഷണത്തിനായി 21 അംഗ പോലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്തു.

മൃതദേഹം കണ്ടതായി പറയപ്പെടുന്ന മാരുതി കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവം നടക്കുമ്പോൾ അനിൽ വാടകയ്ക്കെടുത്തതായിരുന്നു കാർ. കൊല്ലത്ത് നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. കൊന്നു കുഴിച്ചുമൂടിയെന്ന് കരുതുന്ന കലയുടെ മൃതദേഹാവശിഷ്ടം കണ്ടെത്താനാകാഞ്ഞത് തുടരന്വേഷണത്തെ ബാധിച്ചു. സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹം അനിൽ മറ്റെവിടെയെങ്കിലും മാറ്റിക്കാണുമെന്നാണ് പൊലീസ് നിഗമനം. അതേക്കുറിച്ച് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്ക് അറിവില്ല. കൊലപാതകം സംബന്ധിച്ചും മറവ് ചെയ്തതും അറിയാവുന്നത് ഭർത്താവ് അനിലിനാണ്. അനിൽ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്. ഇയാളെ നാട്ടിൽ വരുത്താൻ പൊലീസ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഒരു വർഷമായിട്ടും നടന്നില്ല.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്