
ആലപ്പുഴ: വലിയപെരുമ്പുഴ മാന്നാർ വിശവർശ്ശേരിക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള കൊടുംവളവ് അപകടം മേഖലയാകുന്നു. മാന്നാറില്‍ നിന്ന് ഹരിപ്പാട്, കായംകുളം ഭാഗങ്ങളിലേക്ക് എത്തിച്ചേരുവാനുള്ള ദൂരം കുറവായ റോഡായതിനാൽ നൂറു കണക്കിനു വാഹനങ്ങളാണ് ദിവസേന ഈ സംസ്ഥാനപാതയിലൂടെ കടന്നു പോകുന്നത്.
ക്ഷേത്രത്തിന് സമീപമുള്ള ഹൈദ്രോസ് കുഴി കലുങ്ക് വീതികൂട്ടി പുനർനിർമ്മിച്ചെങ്കിലും അനുബന്ധ റോഡിന്‍റെ ഇരുവശവും സുരക്ഷാ വേലികൾ പുനർ നിർമ്മിച്ചിരുന്നില്ല. ഹൈദ്രോസ് കുഴി കലുങ്കിന്‍റെ റോഡിനിരുവശവും താഴ്ചയുള്ള കുഴികളാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് സുരക്ഷക്കായി നിർമ്മിച്ച സിമന്‍റ് തൂണുകൾ പലതും നിലം പൊത്തിയിരിക്കുകയാണ്.
വൈദ്യുതി ബോർഡിന്‍റെ ഇരുമ്പ് തൂണുകൾ റോഡിന്‍റെ ഇരുവശത്തും ഇറക്കിയിട്ടിരിക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. മുന്നറിയിപ്പ് ബോർഡുകളോ റിഫ്ലക്ടറുകളോ ഇല്ലാത്തതിനാൽ രാത്രി യാത്രക്കാർ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്.