
ചാരുംമൂട്: മയക്കുമരുന്ന് അനാശാസ്യ മാഫിയ സംഘങ്ങൾക്കെതിരെ ബഹുജന പ്രതിഷേധവുമായി നാട്ടുകാർ പ്രതിരോധ മതിൽ തീർത്തു. പാലമേൽ ഗ്രാമ പഞ്ചായത്തിലെ ഉളവുക്കാട് - കുടശ്ശനാട് അണികുന്നം ബണ്ട് റോഡിലും കരിങ്ങാലിച്ചാൽ പുഞ്ചയുടെ കരകളിലും വർധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിന്റെ ആദ്യപടിയായിട്ടാണ് മതിൽ തീർത്തത്. രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവർ കുടുംബശ്രീ, പ്രദേശവാസികൾ, അർച്ചന കോളജ് വിദ്യാർഥികൾ എന്നിവരെ അണിച്ചേർത്ത് കരിങ്ങാലിച്ചാൽ ബണ്ട് റോഡിലൽ പ്രതിരോധ മതിൽ തീർത്തത്. പഞ്ചായത്ത് പ്രസിഡൻറ് ബി വിനോദ് പ്രതിരോധ മതിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ശശികുമാർ ,കുടശ്ശനാട് മുരളി, ജയപുത്രൻ, രാഘവൻ നായർ തുടങ്ങിയവർ സംസാരിച്ചു.ബി.വിനോദ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. വരും ദിവസങ്ങളിൽ ഇവിടം കേന്ദ്രീകരിച്ചുള്ള നിരീക്ഷണം ശക്തമാക്കാനും വേണ്ടിവന്നാൽ പൊലീസ് - എക്സൈസ് നിരീക്ഷണം ഉറപ്പുവരുത്താനും പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നും ഇടപെടീൽ ഉണ്ടാകുമെന്നും പ്രസിഡൻറ് പറഞ്ഞു.
അതേസമയം, വയനാട് മുത്തങ്ങയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായി. വാഹന പരിശോധനയിലാണ് രണ്ട് തിരുവല്ല സ്വദേശികൾ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു വാഹന പരിശോധന. MH 02 BP 9339 എന്ന കാർ പരിശോധിച്ചപ്പോഴാണ് 61 ഗ്രാം എംഡിഎംഎയും 12.8 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിയ തിരുവല്ല സ്വദേശികളായ സുജിത് സതീശൻ, അരവിന്ദ് ആർ കൃഷ്ണ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തത്. വാഹനം വിശദമായി പരിശോധിച്ചപ്പോൾ, കഞ്ചാവും എംഡിഎംഎയും പൊടിക്കാൻ ഉപയോഗിക്കുന്ന രണ്ട് ക്രഷിംങ് മെഷിൻ കണ്ടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം