തയ്യൽക്കട നടത്തുന്ന സുൽഫത്ത് ആണ് മരിച്ചത്. ഭർത്താവും മകളും പുറത്തുപോയ സമയത്തായിരുന്നു സംഭവം

തൃശൂർ: തൃശൂർ പഴുവിൽ യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. അടുക്കളയിലാണ് യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്രയാറിൽ തയ്യൽ കട നടത്തുകയാണ് സുൽഫത്ത്. വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയില്‍ നല്‍കാന്‍ ഭർത്താവും മകളും പോയതിനാല്‍ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുന്നിയ വസ്ത്രം വാങ്ങാൻ വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

നാട്ടുകാരും ബന്ധുക്കളും എത്തി അടുക്കള ഭാഗത്തെ വാതിൽ ബലം പ്രയോഗിച്ച് തുറന്നു. വാതിൽ തുറന്ന് അകത്ത് എത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒഴിഞ്ഞ മണ്ണെണ്ണ കുപ്പിയും കണ്ടെടുത്തു. ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതി ജീവനൊടുക്കിയതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റുമോർട്ടത്തിന് അയക്കും. അതുകഴിയുമ്പോൾ മാത്രമേ കൃത്യമായ മരണ കാരണം വ്യക്തമാകൂ.