
ആലപ്പുഴ: തുമ്പോളിയിൽ നിന്ന് യൂറോപ്യൻ രാജ്യമായ ലിത്വാനിയയിലേക്ക് (Lithuania) ഇനി അധിക ദൂരമില്ല. മനസുകൊണ്ട് അടുത്ത രണ്ടുപേർ ഒരു രാജ്യാന്തര വിവാഹത്തിന് (Marriage) ഒരുങ്ങുന്നതാണ് കാരണം. പക്ഷെ, ഇരുനാടിന്‍റെയും രാഷ്ട്രീയം (Politics) വിവാഹം മുടങ്ങുന്നതിന്‍റെ അറ്റം വരെയെത്തിയെന്നതാണ് കൗതുകം.
രാഷ്ട്രീയം പറഞ്ഞാൽ തുമ്പോളിയിലെ ഒരു ക്യൂബ മുകുന്ദനാണ് ജോൺസൺ. സജീവ സിപിഎം പ്രവർത്തകൻ. പാർട്ടി ലോക്കൽ കമ്മിറ്റിംഗം. വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ വച്ചാണ് ക്രിസ്റ്റീനയെ പരിചയപ്പെടുന്നത്. പ്രണയത്തിനൊടുവിൽ വിവാഹ നിശ്ചയം നടന്നു. എന്നാൽ പ്രണയകഥ കടൽകടന്ന് ലിത്വാനയിലെത്തിയപ്പോൾ വില്ലനായത് കമ്മ്യൂണിസം. 90 കളിൽ സോവയിറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ലിത്വാനിയ. കമ്മ്യൂണിസത്തിന് അയിത്തം കൽപ്പിച്ച രാജ്യത്തേക്ക് ചെങ്കൊടിയേന്തിയ ജോൺസനെ സ്വീകരിക്കാൻ ക്രിസ്റ്റീനയുടെ കുടുംബം വിസമ്മതിച്ചു.
സാമൂഹ്യ പ്രവർത്തകയായ ക്രിസ്റ്റീന, കേരളത്തിലെത്തിയതും ജോൺസനെ കണ്ടതും പരിചയപ്പെട്ടതുമെല്ലാം കുടുംബത്തെ പറഞ്ഞുമനസ്സിലാക്കി. ഒടുവിൽ സ്നേഹിക്കുന്ന മനസ്സുകൾ ഒന്നിക്കട്ടെയെന്ന് ക്രിസ്റ്റീനയുടെ കുടുംബം തീരുമാനിച്ചു. രാഷ്ട്രീയ നിലപാടിൽ ഒരല്പം വിട്ടുവീഴ്ച ചെയ്തു കുടുംബം.
കൊവിഡ് നിയന്ത്രണങ്ങളൊക്കെ ഒഴിഞ്ഞാൽ അടുത്തമാസം ഇരുവരും വിവാഹിതരാകും. ലിത്വാനിയയിൽ നിന്ന് ക്രിസ്റ്റീനയുടെ കുടുംബാംഗങ്ങൾ കേരളത്തിലെത്തും. എന്തായാലും , പാർട്ടി ഓഫിസിൽ വച്ച് രക്തഹാരമിട്ട്, പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലി, വിവാഹം നടത്തുന്ന ഇന്ത്യൻ പാർട്ടി ലൈൻ നിലവിൽ നടപ്പാക്കാൻ സാഹചര്യമില്ല.