
കാസർകോട്: കാഞ്ഞങ്ങാട് പുലയനടുക്കത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു. നെല്ലിത്തറ പുലയനടുക്കം സ്വദേശിനി സിന്ധുവിൻ്റെ (43) മൂന്ന് പവനോളം തൂക്കം വരുന്ന മാലയാണ് അജ്ഞാതരായ രണ്ട് പേർ ചേർന്ന് കവർന്നത്. പ്രദേശത്ത് ഇതുവരെ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ ഈ സംഭവത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ.
ഇന്നലെ വൈകുന്നേരം 5.40-ഓടെയാണ് സംഭവം നടന്നത്. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണമാണ് നഷ്ടമായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വസത്രം മാറി കാഞ്ഞങ്ങാടേക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സിന്ധു. തൻ്റെ സ്‌കൂട്ടറിൽ ഒറ്റയ്ക്കായിരുന്നു യാത്ര. സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിന്ധുവിനെ രണ്ട് പേർ മറ്റൊരു സ്‌കൂട്ടറിൽ പിന്തുടർന്നിരുന്നു. എന്നാൽ താൻ ഇത് ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സിന്ധു പറഞ്ഞത്.
വീട്ടിലേക്കുള്ള വഴിമധ്യേ പുലയനടുക്കത്ത് വെച്ചായിരുന്നു പ്രതികളുടെ ആക്രമണം. സിന്ധുവിൻ്റെ സ്‌കൂട്ടറിന് കുറുകെ പ്രതികൾ തങ്ങളുടെ സ്‌കൂട്ടർ നിർത്തി. ഭയന്ന സിന്ധുവിനെ പ്രതികളിലൊരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് കഴുത്തിലുണ്ടായിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്തു. ശേഷം പ്രതികൾ സിന്ധുവിനെ തള്ളിയിട്ട ശേഷം ഇവിടെ നിന്ന് കടന്നുകളഞ്ഞു.
ഭയന്നുവിറച്ച സിന്ധുവിന് പ്രതികളുടെ വാഹനത്തിൻ്റെ നമ്പർ നോക്കാൻ സാധിച്ചില്ല. പ്രതികൾ മുഖത്ത് തൂവാല കെട്ടിയ ശേഷം മുഖം മറയ്ക്കുന്ന ഹെൽമെറ്റ് ധരിച്ചിരുന്നുവെന്ന് സിന്ധു പറയുന്നു. ആക്രമണം നടന്ന സ്ഥലത്ത് സിസിടിവികൾ ഉണ്ടായിരുന്നില്ല. ഈ സമയത്ത് റോഡ് വിജനമായിരുന്നുവെന്നും സിന്ധു പറയുന്നു. സിന്ധു നേരിട്ട് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതികൾ പോയ ദിശയിലുള്ള സിസിടിവികൾ പരിശോധിച്ച് പ്രതിയെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സമീപത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബിഎൻഎസ് 304-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്ഐ കെ.വി ജിതിനാണ് അന്വേഷണ ചുമതല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam