
തിരുവനന്തപുരം: കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്ന് വിമർശനം ഉന്നയിച്ച മന്ത്രി വി ശിവൻകുട്ടിക്കെതിരെ മേയർ വിവി രാജേഷ്. നഗരത്തിലെ മാലിന്യം സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ്. തിരുവനന്തപുരത്ത് മാത്രമല്ല, മാലിന്യ സംസ്കരണമെന്ന് കേൾക്കുമ്പോൾ സിപിഎം കേരളത്തെ മുഴുവൻ ഭയപ്പാടിലാക്കുന്ന തരത്തിലാണ് പ്രവർത്തിച്ചത്. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണെന്നും രാജേഷ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.
കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്നും നാറാത്തത് നാറുമെന്നായിരുന്നു ബിജെപിക്കെതിരെ ശിവൻകുട്ടിയുടെ വിമർശനം. മാലിന്യ നിർമാർജനം പാടെ പാളിയെന്നും തെരുവുനായ് ശല്യം കൂടിയെന്നും ശിവൻകുട്ടി ആരോപിച്ചിരുന്നു. പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല. മാലിന്യനീക്കം പാടെ പാളി. നഗരം പകർച്ച വ്യാധി ഭീതിതിയിലാണെന്നും നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കരുതെന്നും സർവ്വ കക്ഷിയോഗം വിളിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവൻകുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങുമെന്ന് വിവി രാജേഷ് തിരിച്ചടിച്ചു. നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് എന്തിനും കോർപ്പറേഷന്‍റെ മുകളിലേക്ക് കയറുന്നതെന്നും മേയർ മറുപടി നൽകി.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുപ്പ് ചട്ടം വരുന്നതിന് മുൻപ് തന്നെ വാർഡുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് വി.വി രാജേഷ് പറഞ്ഞു. നഗരത്തിൽ പരമാവധി 30 ശതമാനം മേഖലയാണ് കോർപ്പറേഷൻ പരിധിയിൽ വരുന്നത്. ശുചീകരണത്തിനായി റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ അടക്കം അഭിപ്രായം തേടിയിരുന്നു. കോർപ്പറേഷൻ ഫണ്ട്, ദുരന്ത നിവാരണ ഫണ്ട് എന്നിവ ഉപയോഗിച്ച് ഇന്ന് വൈകുന്നേരം മുതൽ ശുചീകരണം ആരംഭിക്കും. 38 വാർഡുകളിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്; ഇവിടങ്ങളിൽ പല ഭാഗങ്ങളും സന്ദർശിച്ചതായും മേയർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മറ്റു ഡിപ്പാർട്ട്മെന്‍റുകൾ അവരവരുടെ മേഖലകൾ വൃത്തിയാക്കണം. ഇതിന് കാലതാമസം ഉണ്ടെങ്കിൽ കോർപ്പറേഷൻ അനുമതി വാങ്ങി ശുചീകരിക്കും. റെയിൽവേ യോഗം വിളിച്ച് അവരുടെ ഉത്തരവാദിത്തം പൂർത്തീകരിക്കാൻ കോർപ്പറേഷൻ ആവശ്യപ്പെടും. ആമയിഴഞ്ചൻ തോട് ക്ലീൻ ചെയ്യുന്നതിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ റെബോട്ടിന് പരിമിതികൾ ഉണ്ട്. ജെസിബി ചെയ്യുന്ന ജോലി മാത്രമാണ് റെബോട്ടിന് ചെയ്യാൻ കഴിയുന്നത്. കൂടുതൽ മെഷിനറി ആവശ്യമാണ്. വകുപ്പുകളുമായി സംസാരിച്ച് ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ വിവി രാജേഷ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam