തമിഴ്‌നാട് അതിര്‍ത്തിയിലെ കോട്ടൂരില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍തോതില്‍ എംഡിഎംഎ പിടികൂടി. ബൈക്കില്‍ ലഹരി കടത്തുകയായിരുന്ന കല്‍പ്പറ്റ സ്വദേശി വേണുഗോപാലിനെ 124.39 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍പും നിരവധി ലഹരിക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

അമ്പലവയല്‍: തമിഴ്‌നാട് അതിര്‍ത്തിയില്‍ പൊലീസിന്‍റെ വന്‍ രാസലഹരി വേട്ട. വാണിജ്യ അളവില്‍ എംഡിഎംഎയുമായി ബൈക്ക് യാത്രികനെ പിടികൂടി. കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 124.39 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ലഹരികേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇയാള്‍ മുന്‍പ് നിരവധി ലഹരിക്കേസുകളില്‍ പ്രതിയും സ്ഥിരം ലഹരി വില്‍പ്പനക്കാരനുമാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെ കോട്ടൂര്‍ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. തമിഴ്നാട്, എരുമാട് ഭാഗത്ത് നിന്ന് ഇയാള്‍ ഓടിച്ചു വന്ന കെഎല്‍ 57 യു 3031 നമ്പര്‍ ഡോമിനര്‍ ബൈക്ക് പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നാണ് ലഹരി കണ്ടെടുത്തത്. പൊലീസ് സംഘത്തില്‍ എസ്ഐമാരായ എം രവീന്ദ്രന്‍, വി ജെ എല്‍ദോ, എഎസ്ഐ സനല്‍, സിപിഒ മുഹമ്മദ് അന്‍സാരി തുടങ്ങിയവരുണ്ടായിരുന്നു.