ലോക്കിയെ യുദ്ധഭൂമിയിൽ ഉപേക്ഷിക്കാതെ 6 ദിവസം; കഠിനയാത്രക്കൊടുവില്‍ അഞ്ജു നാട്ടിലെത്തി

Published : Mar 05, 2022, 01:14 PM IST
ലോക്കിയെ യുദ്ധഭൂമിയിൽ ഉപേക്ഷിക്കാതെ 6 ദിവസം; കഠിനയാത്രക്കൊടുവില്‍ അഞ്ജു നാട്ടിലെത്തി

Synopsis

അഞ്ചുദിവസത്തെ വിസ റെഡിയാക്കി റുമേനിയയിലെ ബുക്കാർ എയർപോർട്ടിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ബസിൽ 22 മണിക്കൂർ പിന്നിട്ട് അവിടെയെത്തിയപ്പോൾ ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനമാണ് കണ്ടത്. കണ്ടപ്പോൾ കണ്ണുനിറഞ്ഞെങ്കിലും വളർത്തുമൃഗങ്ങളെ കയറ്റാനുള്ള മനസ്സലിവുണ്ടായില്ല. രണ്ടുദിവസമാണ് പൂച്ചയുമായി അവിടെ തങ്ങിയത്. 

ആലപ്പുഴ:  ഒരുവർഷമായി ഒപ്പം കൂടിയപൂച്ചയെ യുദ്ധഭൂമിയിൽ ഉപേക്ഷിക്കാതെ ആറുദിവസംനീണ്ട കഠിനയാത്രക്കൊടുവില്‍ അഞ്ജു നാട്ടിലെത്തി. യുക്രെയ്നിലെ (Russia Ukraine Crisis) എംബിബിഎസ് വിദ്യാർഥി അഞ്ജുദാസും വളർത്തുപൂച്ച ലോക്കിയുമാണ് ഇന്നലെ ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്. യുക്രെയ്ൻ ഒഡേസ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പഠനകാലത്താണ് അഞ്ജുദാസ് പെറ്റ്ഷോപ്പിൽനിന്ന് പേർഷ്യൻ ഇനത്തിൽപെട്ട പെണ്‍പൂച്ചയെ (Persian Cat  ) വാങ്ങിയത്. അപ്പാർട്ടുമെന്‍റിലെ മുറിയിലിട്ട് വളർത്തിയതോടെ നന്നായി ഇണങ്ങി. യുദ്ധം രൂക്ഷമായതോടെ രാജ്യം വിടാൻ തീരുമാനിച്ചപ്പോൾ തന്നെ പൂച്ചയെ കൈവിടാൻ ഒരുക്കമല്ലായിരുന്നു. കഴിഞ്ഞ മാസം 27ന് ഒഡേസ യൂണിവേഴ്സിറ്റിയിലെ 11അംഗ ഇന്ത്യൻ വിദ്യാർഥി സംഘത്തോടൊപ്പമാണ് പൂച്ചയും യാത്രതിരിച്ചത്. 

ആദ്യം മൾഡോവ രാജ്യത്തിന്റെ അതിർത്തി കടക്കാനുള്ള അനുമതിക്ക് കൊടുംതണുപ്പിൽ ആറുമണിക്കൂറാണ് കാത്തുകിടന്നത്. ഇവർക്കൊപ്പം ലോക്കിയും തളരാതെയിരുന്നു. മൾഡോവയിലെ മിലിട്ടറി ക്യാമ്പിലെത്തിയപ്പോഴാണ് ഭക്ഷണംപോലും കിട്ടിയത്. പട്ടാളക്കാർക്ക് പൂച്ചയെ വലിയ ഇഷ്ടമായതിനാൽ ഭക്ഷണം നൽകി. അഞ്ചുദിവസത്തെ വിസ റെഡിയാക്കി റുമേനിയയിലെ ബുക്കാർ എയർപോർട്ടിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ബസിൽ 22 മണിക്കൂർ പിന്നിട്ട് അവിടെയെത്തിയപ്പോൾ ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനമാണ് കണ്ടത്. കണ്ടപ്പോൾ കണ്ണുനിറഞ്ഞെങ്കിലും വളർത്തുമൃഗങ്ങളെ കയറ്റാനുള്ള മനസ്സലിവുണ്ടായില്ല. രണ്ടുദിവസമാണ് പൂച്ചയുമായി അവിടെ തങ്ങിയത്. 

പിന്നീട് ലോക്കിയേക്കൂടി നാട്ടിലെത്തിക്കാന്‍ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥന്റെ സഹായം തേടി. പൂച്ചയില്ലാതെ വിമാനത്തിൽ കയറില്ലെന്ന് വാശിപിടിച്ചതോടെ സീനിയർ ഓഫിസറുമായി സംസാരിച്ചശേഷം  അവസാനയാത്രക്കാരിയായി എയർഫോഴ്സ് വിമാനത്തിൽ  അനുമതി നൽകി. കൊടുംതണുപ്പും മണിക്കൂറുകൾ കാത്തുകിടന്നുള്ള ദുരിതവും മറികടന്ന് നാട്ടിലെത്തിയപ്പോൾ എല്ലാം വേഗത്തിലാകുമെന്നാണ് കരുതിയത്. ഇന്ത്യയിലെത്തിയപ്പോൾ ഡൽഹിയിൽനിന്ന് നേരത്തേ ബുക്ക് ചെയ്ത എയർ ഏഷ്യയുടെ വിമാനത്തിലും ലോക്കിയെ കയറ്റാൻ സമ്മതിച്ചില്ല. ആദ്യം ബോർഡിങ് പാസ് എടുത്താൽ വളർത്തുമൃഗങ്ങളെ ഒപ്പംകൂട്ടാമെന്ന് തിരിച്ചറിഞ്ഞ് പിന്നീട് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സീറ്റുറപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ച 1.30നാണ് ലോക്കിയും അഞ്ജുവും ചെങ്ങന്നൂർ-പത്തനംതിട്ട റോഡിൽ കോട്ട വാരിക്കാട്ടിൽ വീട്ടിലെത്തിയത്. 

തണുപ്പിൽനിന്ന് എത്തിയതിനാൽ കേരളത്തിലെ ചൂട് അസഹനീയമാകുമോയെന്ന തോന്നലില്‍ എസി മുറിയിലാണ് താമസം. ആൾക്കാർ കാണാനെത്തുമ്പോൾ ലോക്കി പേടിച്ച് പുറത്തിറങ്ങുന്നില്ല. വീട്ടിലെ വളർത്തുനായ ബ്രൂണോയും പുതിയ അതിഥിയെ അടുപ്പിക്കുന്നില്ല. കോഴ്സ് പൂർത്തിയാക്കിയെങ്കിലും രണ്ടുമാസത്തിനകം യുക്രെയ്ൻ മിനിസ്ട്രിയുടെ പരീക്ഷയെഴുതാൻ യുക്രെയ്നിലേക്ക് തിരികെ പോകണമെന്നാണ് അഞ്ജു വിശദമാക്കുന്നത്. അപ്പോൾ ലോക്കിയെ കൂടെ കൂട്ടില്ലെന്നും അഞ്ജുദാസ് വ്യക്തമാക്കി. പിതാവ്: ശിവദാസ് (ഷാർജ), മാതാവ്: അംബിക, സഹോദരി ലക്ഷ്മി 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപി അംഗം വിട്ടുനിന്നു; ഭാഗ്യം തുണച്ചു, വേലൂർ പഞ്ചായത്ത് നറുക്കെടുപ്പിൽ യുഡിഎഫിന്
ചേലക്കരയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; തുല്യ നിലയിൽ എൽഡിഎഫും യുഡിഎഫും, വോട്ട് മാറിച്ചെയ്ത് എൽഡിഎഫ് അംഗം, ഭരണം യുഡിഎഫിന്