
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ എം ഡി എം എയുമായി മധ്യവയസ്കനെ പൊലീസ് പിടികൂടി. തൊടുപുഴ പട്ടയം കവല സ്വദേശി റഷീദാണ് പിടിയിലായത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം ഡി എം എയും .23 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. തൊടുപുഴയിലടക്കമുള്ള വി ഐ പികൾക്കിടയിൽ റഷീദ് രാസലഹരിയുടെ വിൽപ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനാൽ കുറച്ച് നാളുകളായി റഷീദ് പൊലീസിന്റെ നിരീഷണത്തിലായിരുന്നു. ഇന്നലെ രാത്രി ഇയാൾ ലഹരി കച്ചവടത്തിനായി തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് തൊടുപുഴ പൊലീസും ഡി വൈ എസ് പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ഇയാളുടെ മുറിയിൽ പരിശോധന നടത്തി. പരിശോധനയിൽ അഞ്ച് ഗ്രാമോളം എം ഡി എം എയും .23 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി.
ഇയാൾക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നെങ്കിലും ഇവർക്ക് ലഹരി മരുന്ന് ഇടപാടിൽ പങ്കില്ലാത്തതിനാൽ പിന്നീട് വിട്ടയച്ചു. തൊടപുഴയിൽ കരാർ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണം നടത്തുന്നയാളാണ് പ്രതി. ലഹരി ഉപയോഗിക്കുന്നതിനായിട്ടാണ് റഷീദ് കച്ചവടവും നടത്തിയിരുന്നത്. ഇയാളിൽ നിന്നും ലഹരി മരുന്ന് വാങ്ങുന്ന സമൂഹത്തിലെ ഉന്നതരെക്കുറിച്ചുള്ള വിവരം പോലീസ് ശേഖരിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam