
തിരുവനന്തപുരം: സ്കൂട്ടറിൽ കടത്തിയ കഞ്ചാവ് സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ സ്റ്റുഡിയോ റോഡിൽ വെച്ചാണ് 16 കിലോ കഞ്ചാവ് എട്ട് പാക്കറ്റുകളിലായി കടത്താൻ ശ്രമിച്ചത് പിടികൂടിയത്. സംഭവത്തിൽ വെള്ളായണി സ്റ്റുഡിയോ റോഡ് കൊച്ചുകളിയിക്കൽ ലൈൽ ശിവനിവാസിൽ ശിവൻ (44) പിടിയിലായി. കൂടെ ഉണ്ടായിരുന്ന തൗഫീർ എന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാളാണ് കഞ്ചാവ് കൈമാറിയതെന്ന് പിടിയിലായ ശിവൻ മൊഴി നല്കി.
തൗഫീറിനായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. പായ്ക്കറ്റുകളിലാക്കിയ കഞ്ചാവ് സ്കൂട്ടറിനു മുന്നിൽ ചാക്കിൽക്കെട്ടിവെച്ചിരുന്ന രീതിയിലാണ് പിടിച്ചെടുത്തത്. നേമം പൊലീസിന്റെ ക്രിമിനൽ പട്ടികയിലുള്ള തൗഫീറിന്റ ഉടമസ്ഥതയിൽ കോലിയക്കോടുള്ള കോഴിക്കടയിൽനിന്ന് ഹോട്ടലുകളിൽ ഇറച്ചി വിതരണംചെയ്യുന്ന ജോലിയാണ് ഇയാൾക്ക്. ശിവനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.