ഈ മെക്കാനിക്ക് അൽപ്പം സ്പെഷ്യലാണ്; 'ബോംബെ മേശരി'യുടെ ഗാരേജിൽ വണ്ടികൾ മാത്രമല്ല, ദൈവങ്ങളുമുണ്ട്

By Web TeamFirst Published Jan 9, 2022, 11:02 PM IST
Highlights

ചക്ക മുറിക്കുന്ന യന്ത്രത്തിന് ആവശ്യക്കാർ ഏറെയായിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിൽ പാൽപായസത്തിനായി തേങ്ങചിരകാൻ ഉപയോഗിക്കുന്ന ഉപകരണവും ഈ മെക്കാനിക്കിന്റെ ബുദ്ധിയിൽ പിറവിയെടുത്തതാണ്.

ആലപ്പുഴ: ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബോംബെ ഗാരേജിൽ സ്‌കൂട്ടർ മെക്കാനിക്കിനെതേടി എത്തുന്നവർ, അഷ്ടലക്ഷ്മിയുടെയും ഗണപതിയുടെയും പൂർണ്ണരൂപങ്ങൾ തടിയിൽ കൊത്തുന്ന ശില്പിയെക്കണ്ട് ആദ്യമൊന്നമ്പരക്കും. ചീകിമിനുക്കിയ തടിപ്പലകയിൽ ഇഷ്ട ദൈവങ്ങളെ സൃഷ്ടിക്കുന്ന ഈ മനുഷ്യൻ തന്നെയാണ് ഇവിടുത്തെ മെക്കാനിക്ക്. 

മാന്നാർ കുരട്ടിക്കാട് ഭാർഗ്ഗവി സദനത്തിൽ മോഹൻകിഷൻ(68), മാന്നാറുകാർക്ക് ബോംബെ മേശരിയാണ്. പഞ്ചലോഹത്തിൽതീർത്ത വിലമതിക്കാനാവാത്ത നഷ്ടപ്പെട്ടുപോയ തന്റെ മേരുചക്രം തിരികെക്കിട്ടാനായി ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കാൻ ദേവിയുടെ രൂപം തടിയിൽ കൊത്തിയെടുക്കുന്ന തിരക്കിലാണിപ്പോൾ ഈ ബോംബെ മേശരി. 

വെട്ടിയെടുത്ത മഹാഗണി മരത്തിന്റെ ഉപേക്ഷിക്കപ്പെട്ട ഭാഗങ്ങളിൽനിന്ന് തനിക്കാവശ്യമായവയെടുത്ത് ആദ്യം ചീകിമിനുക്കും. പേപ്പറിൽ വരച്ചെടുക്കുന്നരൂപങ്ങൾ പിന്നീട് മേശരിയുടെ കരവിരുതിൽ ഈപലകയിൽ വിരിയിച്ചെടുക്കും. ബ്രഷ്ഉപയോഗിച്ച് നിറങ്ങൾ നൽകി അവയെ ജീവസ്സുറ്റതാക്കുന്നതും ഈമെക്കാനിക്ക് തന്നെ. ഇതുവരെ തീർത്ത ശില്പങ്ങളൊക്കെയും അമ്പലങ്ങളിലേക്ക് സമർപ്പിക്കുകയായിരുന്നു.

കരുനാഗപ്പള്ളിയുള്ള തഴവയിൽനിന്ന് 1970ലാണ് മോഹനകൃഷ്ണൻ മാന്നാറിലെത്തിയത്. 20 വർഷത്തോളം മുംബയിൽ ജോലി ചെയ്തിരുന്നതിനാൽ സുഹൃത്തുക്കളും മറ്റും സ്നേഹപൂർവം നൽകിയ 'ബോംബെ മേശരി' എന്ന നാമം തന്റെ വർക്ക്ഷോപ്പിനോടും ചേർത്ത് വെക്കുകയായിരുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട എത്രപഴകിയ മോഡലിലുള്ള സ്‌കൂട്ടറായാലും നന്നാക്കിക്കൊടുക്കുന്നതിനാൽ മേശരിയുടെ വീടിന്റെ പരിസരങ്ങൾ ഇരുചക്രവാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബോബെ മേശരിയുടെ കണ്ടുപിടുത്തങ്ങൾ എഞ്ചിനിയർമാരെപ്പോലും വിസ്മയിപ്പിക്കും. 

ചക്ക മുറിക്കുന്ന യന്ത്രത്തിന് ആവശ്യക്കാർ ഏറെയായിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിൽ പാൽപായസത്തിനായി തേങ്ങചിരകാൻ ഉപയോഗിക്കുന്ന ഉപകരണവും ഈ മെക്കാനിക്കിന്റെ ബുദ്ധിയിൽ പിറവിയെടുത്തതാണ്. 2018ലെ പ്രളയത്തിൽ ബുധനൂരിലെ ഭാര്യവീട്ടിലേക്ക് പോകാൻ കഴിയാതെവന്നപ്പോൾ കരയിലും വെള്ളത്തിലും ഓടുന്ന സൈക്കിൾ നിർമ്മിക്കാനിറങ്ങി. കാർ എസിയുടെ പഴയമോട്ടോറുകൾ, സൈക്കിളിന്റെ ഫ്രെയിം, ചക്രക്കസേരയുടെ ചക്രം, പിവിസിപൈപ്പുകൾ തുടങ്ങിയവകൊണ്ട് നിർമ്മിച്ച ഈ സൈക്കിളിന്റെ നിർമ്മാണം അവസാനഘട്ടത്തലാണ്. 

ഒരുപാട്‌ പേരെ മെക്കാനിസം പഠിപ്പിച്ചിട്ടുള്ള ഈ ഗുരുനാഥൻ ഒരു നോവലിസ്റ്റ് കൂടിയാണ്. 'മൗനനൊമ്പരം' എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊഴിൽ അധിഷ്ഠിതമായ 'പ്രയാണം' എന്ന മറ്റൊരുനോവലും തയ്യാറായി വരുന്നു. ഭാര്യ ശ്യാമള. മൂത്തമകൻ ശ്യാംകിഷൻ അച്ഛന്റെ പാതയിലൂടെ ടുവീലർ മെക്കാനിക്കായി ഒപ്പമുണ്ട്. മകൾ ശാലിനി അധ്യാപികയായും ഇളയമകൻ ശരത്കിഷൻ മിലിറ്ററിയിലും ജോലി ചെയ്യുന്നു. അഞ്ജലി, ശ്രീലാൽ, അഞ്ജലി വി.എസ് എന്നിവർ മരുമക്കളാണ്.
 

click me!