Mohammed Riyas: സർക്കാരിൻ്റേത് പാരിസ്ഥിതിക മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളെന്ന് മന്ത്രി മുഹമ്മദ്റിയാസ്

By Web TeamFirst Published Jan 9, 2022, 10:13 PM IST
Highlights

സ്വാഭാവിക വനം പുനഃസ്ഥാപിക്കപ്പെടണം. ഫലവൃക്ഷങ്ങൾ പരമാവധി വെച്ചുപിടിപ്പിക്കണമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റേത് പാരിസ്ഥിതിക (Environment) മേഖലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Mohammed Riyas) . ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കാവിൽ ഹരിത ഗ്രാമം പദ്ധതിയുടെ സമർപ്പണവും വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും കാവുന്തറ യു.പി.സ്കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം വന പുനഃസ്ഥാപനത്തിനുള്ള നയം മന്ത്രിസഭ അംഗീകരിച്ചു. സ്വാഭാവിക വനം പുനഃസ്ഥാപിക്കപ്പെടണം. ഫലവൃക്ഷങ്ങൾ പരമാവധി വെച്ചുപിടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തി നവീകരിക്കുന്ന കാവുന്തറ - തുരുത്തി മുക്ക് റോഡ് ഈ പ്രദേശത്തെ പ്രധാന റോഡാണ്.  റോഡുകൾ മികച്ച നിലവാരത്തിലേക്കുയരേണ്ടത് അത്യാവശ്യമാണ്.  ദീർഘകാലം നിലനിൽക്കുന്ന റോഡുകളാണ് നമുക്കാവശ്യം.  ദേശീയ പാതയോ സംസ്ഥാന പാതയോ പ്രാദേശിക റോഡുകളോ ആവട്ടെ, നിർമാണഘട്ടത്തിൽ അവ ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

ഇന്ത്യയിൽ ഏറ്റവുമധികം വാഹനപ്പെരുപ്പമുള്ള നാടാണ് കേരളം.  ഇവിടെ മൂന്നിലൊരാൾക്ക് വാഹനമുണ്ട്.  ഗതാഗത പ്രശ്നത്തിന് പരിഹാരം കാണണമെങ്കിൽ റോഡിലൂടെയുള്ള ഗതാഗതം മാത്രം പോര.  പുതിയ ഗതാഗത രീതികൾ ഉണ്ടാകേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്.  15,000 കോടി രൂപയുടെ പശ്ചാത്തല വികസനമാണ് പൊതുമരാമത്ത് വകുപ്പു വഴി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.  അത് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണം.  പൊതുമരാമത്ത് കെട്ടിടങ്ങളുടെയും പാലങ്ങളുടെയും റോഡുകളുടെയും പരിപാലനം ഗൗരവമർഹിക്കുന്നു. 

ഇവ ഉണ്ടാക്കിക്കഴിയുമ്പോൾ നിശ്ചിത കാലം ഇവയുടെ പരിപാലന കാലാവധിയാണ്. ഈ സമയപരിധിക്കുള്ളിൽ ആ നിർമാണ പ്രവൃത്തിക്ക് എന്തെങ്കിലും കേടുപാടു സംഭവിച്ചാൽ അതിൻ്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട കരാറുകാരനാണ്. അത് കരാറുകാരെക്കൊണ്ട് ചെയ്യിക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ്. ഇത് പൊതുമരാമത്ത് മാന്വലിൽത്തന്നെ ഉള്ളതാണ്. കെട്ടിടമാണെങ്കിൽ അഞ്ചു വർഷം, ബിഎം ബിസി റോഡാണെങ്കിൽ നിർമാണം കഴിഞ്ഞ് മൂന്നു വർഷവും അല്ലാത്ത റോഡുകൾക്ക് നിർമാണം കഴിഞ്ഞ് രണ്ടു വർഷവും അറ്റകുറ്റപ്പണി നടത്തിയ റോഡാണെങ്കിൽ പണി പൂർത്തിയായി ആറു മാസവുമാണ് കാലാവധി.  

അതിനിടയിലുള്ള കുഴപ്പങ്ങൾ സ്വന്തം നിലയിൽ കരാറുകാരൻ പരിഹരിക്കണമെന്നാണ് നിയമം.   ഇത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുന്നതിൽ ജനങ്ങൾക്കു കൂടി ഉത്തരവാദിത്തമുണ്ട്. കേരളത്തിൽ പൊതുമരാമത്ത് റോഡുകളുടെ രണ്ടാം ഘട്ടത്തിൽ റോഡുകളുടെ പരിപാലന കാലാവധി കരാറുകാരൻ്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെയും വിവരം സഹിതം ബോർഡിൽ പ്രദർശിപ്പിച്ചു തുടങ്ങിക്കഴിഞ്ഞു.  ജനങ്ങൾക്ക് ഇത്തരം കാര്യത്തിൽ ഇടപെടാനുള്ള അവസരമാണ് ഇതുവഴി നൽകുന്നത്. റസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിങ് കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ആരംഭിച്ചതോടെ 68 ലക്ഷം രൂപയാണ് കഴിഞ്ഞ ഡിസംബർ അവസാനം വരെ വാടകയിനത്തിൽ  ലഭിച്ചത്. മുമ്പ് സാങ്കേതികമായി വളരെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒരു മൊബൈൽ ഫോൺ വഴി എളുപ്പത്തിൽ റസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്യാം.  ഇത്തരത്തിൽ വളരെ സുതാര്യമായാണ് കാര്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കാവുന്തറ എയുപി സ്കൂളിനടുത്ത് ചെടികൾ വെച്ചും എല്ലാ സമയത്തും ശുചിത്വം ഉറപ്പു വരുത്തിയും സ്കൂൾ പരിസരത്ത് മനോഹരമായ ചിത്രങ്ങൾ വരച്ചും സന്നദ്ധ സംഘടനകളുടെ കോഡിനേഷൻ കമ്മിറ്റി നടപ്പിലാക്കുന്ന മാതൃകാപരമായ പദ്ധതിയാണ് 'ഹരിതഗ്രാമം'. പ്രവൃത്തി പൂർത്തീകരിച്ച നാലു സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി വേദിയിൽ നിർവ്വഹിച്ചു. കാവുന്തറയുടെ ജലസംഭരണിയയ കാവുംകുളം ഇറിഗേഷൻ വകുപ്പിലെ 25 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടി സംരക്ഷിക്കുകയും ചുറ്റുവേലികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് ആദ്യഘട്ട പ്രവർത്തി പൂർത്തികരിച്ചത്.

കാവുന്തറ എ.യു.പി സ്കൂൾ പരിസരവും പളളിയത്ത് കുനി അങ്ങാടിയും  ഫുട് പാത്ത് നിർമ്മിച്ച് കട്ടകൾ വിരിച്ച് കൈവരികൾ സ്ഥാപിച്ച്  മനോഹരമാക്കുന്ന 25 ലക്ഷം രൂപയുടെ പൊതുമരാമത്ത് പ്രവർത്തിയാണ് മറ്റൊരു പദ്ധതി.   കാവുന്തറയിൽ നിന്നും കേരഫെഡിലേക്കും മന്ദൻകാവിലേക്കും എത്തിച്ചേരുന്നതിനുള്ള കാവുന്തറ - തുരുത്തി മുക്ക് റോഡ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.

 മണ്ഡലത്തിലെ പ്രധാന കവലകൾ പ്രകാശപൂരിതമാക്കുന്നതിൻ്റ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുകളിൽ 13 ഹൈമാസ്റ്റുകൾ സ്ഥാപിച്ചിരുന്നു. ഇതിൻ്റെ മണ്ഡലടിസ്ഥാനത്തിലുള്ള ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. അഡ്വ.കെ.എം.സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു.  ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.അനിത, നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ദാമോദരൻ മാസ്റ്റർ,   വൈസ് പ്രസിഡൻ്റ് കെ.എം.നിഷ, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സി.സുധീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടി.സി.സുരേന്ദ്രൻ മാസ്റ്റർ, വാർഡ് മെമ്പർ കെ.ഷാഹിന തുടങ്ങിയവർ സംസാരിച്ചു.

click me!