
ആലപ്പുഴ: ചെങ്ങന്നൂരിൽ കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ തുറന്ന് ആരോഗ്യവകുപ്പ്. കൂടുതൽ രോഗികളെ ഉൾക്കൊള്ളാൻ ചെങ്ങന്നൂർ ജില്ലാ താലൂക്ക് ആശുപത്രികൾ അടക്കം സമീപ പ്രദേശങ്ങളിലെ ആശുപത്രികളിൽ സജ്ജീകരണങ്ങൾ ഒരുങ്ങി . ഇതിന്‍റെ ഭാഗമായി ചെങ്ങനൂരിലേക്ക് കൂടുതൽ ഡോക്ടർമാർ ഉൾപ്പെടുന്ന സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. മരുന്നുകളുടെ കുറവ് നേരിടാതെ ഇരിക്കാൻ ചെങ്ങന്നൂരിലേക്ക് കൂടുതൽ മരുന്നുകൾ എത്തിച്ചിട്ടുണ്ട്. വെള്ളക്കെട്ട് കാരണം ആംബുലൻസുകൾക്കും കാറുകക്കും എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ ടോറസ് ലോറികളിലാണ് മെഡിക്കൽ സംഘത്തെ എത്തിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകൾ പകർച്ച വ്യാധി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ എല്ലായിടത്തും പ്രധിരോധ ഗുളികകൾ നൽകുന്നത് ഊർജിതമാക്കിയിട്ടുണ്ട്.വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ക്യാമ്പുകളിൽ നിന്ന് ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. ഇതിനായി തിങ്കളാഴ്ച ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നിന്ന് 17 ടീമുകളിലായി 80 അംഗ സംഘമാണ് വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വൈദ്യ സഹായം നൽകിയത്. 45 ക്യാമ്പുകൾ ആണ് വൈദ്യ സംഘം തിങ്കളാഴ്ച സന്ദർശിച്ചത്. ഇവിടങ്ങളിൽ നിന്ന് വിധക്ത ചികിസയ്‌ക്കായി മൂന്നുപേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെങ്ങന്നൂർ മേഖലയിൽ ഇതുവരെ വൈദ്യ സഹായം ലഭിക്കാത്ത പ്രദേശങ്ങളിൽ തിങ്കളാഴ്ച അവശ്യ സാധനങ്ങളും മരുന്നുകളുമായാണ് മെഡിക്കൽ സംഘങ്ങൾ എത്തിയത്.
ടിപ്പർ ലോറികളിലും ടോറസ് ലോറികളിലും കാറുകളിലുമായാണ് മെഡിക്കൽ സംഘം ദുരിതാശ്വാസ മേഖലകളിലേക്ക് പോയത്. ഇതിനായി 25 കാറുകളും, അഞ്ച് ടോറസ് ലോറികളും ലഭ്യമാക്കി. വെള്ളം കുറയാത്തത് കാരണം ചില സ്ഥലങ്ങളിൽ ഇപ്പോഴും മെഡിക്കൽ സന്ഘഹത്തിന് എത്താൻ സാധിച്ചിട്ടില്ല. ഇവിടങ്ങളിൽ ചൊവ്വാഴ്ച എത്തിച്ചേരാനുള്ള സജീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി സ്പെഷ്യൽ ഓഫിസർ ഡോ.ഷിനു അറിയിച്ചു.
ചെങ്ങന്നൂർ ജില്ലാ ആശപത്രിയിൽ ആരംഭിച്ച കൺട്രോൾ റൂമിൽ നിരവധി ഫോൺ കാളുകൾ ലഭിക്കുന്നുണ്ട്. ഇതിനന്‍റെ അടിസ്ഥാനത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന സ്ഥലങ്ങളിൽ മെഡിക്കൽ ടീമിൻറെ സേവനം കൺട്രോൾ റൂമിൽ നിന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഡോ.ഷിനു പറഞ്ഞു. ചെങ്ങന്നൂർ പത്തനംതിട്ട മേഖലകളിലെ വൈദ്യ സംബന്ധമായ ആവശ്യങ്ങൾക്ക് 9072297900 എന്ന നമ്പറിൽ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ് അദ്ദേഹം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam