
തൃശ്ശൂര്‍: ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മെഗാ കരോള്‍ ആലാപനം ബെസ്റ്റ് ഓഫ് ഇന്ത്യ (ലോക) റെക്കോഡിന്റെ ഭാഗമായി. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ കാര്‍മ്മല്‍ സ്റ്റേഡിയത്തില്‍ ആണ് കരോള്‍ ഗാനം അവതരിപ്പിച്ചത്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പരിപാടിയില്‍ ചുവപ്പ്, വെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ചുവന്ന തൊപ്പി ധരിച്ച് റജിസ്‌ട്രേഷന്‍ നമ്പറോടുകൂടിയാണ് എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുത്തത്.
വ്യത്യസ്തങ്ങളായ ഏഴ് പാട്ടുകള്‍ സംഗീതത്തോടുകൂടിയാണ് ആലപിച്ചത്. അധ്യാപകനായ തോംസണ്‍ ജോസഫ് പാലത്തിങ്കലിന്റെ ശിക്ഷണത്തിലാണ് കരോൾ സോങ്ങ് പഠിച്ചത്. സ്കൂളിലെ എല്ലാ അധ്യാപകരുടെയും അക്ഷീണ പരിശ്രമം മെഗാ കരോളിന്റെ പിന്നിലുണ്ടായിരുന്നു. കൃത്യമായ പരിശീലനത്തിലൂടെ, ആലാപന ശൈലിയിലേയ്ക്ക് മുഴുവന്‍ വിദ്യാര്‍ത്ഥികളും ആഴ്ന്നിറങ്ങി കൊണ്ടുള്ള മെഗാക രോള്‍ വേറിട്ട അനുഭവം തന്നെയായി മാറി. ഇത്രയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള കരോള്‍ സോങ്ങ് കാര്‍മ്മലിന് സ്വന്തം എന്നാണ് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് മേധാവി അഭിപ്രായപ്പെട്ടത്. അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭ്യുദയകാംക്ഷികളുടേയും സാന്നിധ്യത്തില്‍ നടന്ന ഈ മെഗാ കരോള്‍ വന്‍വിജയം തന്നെയായി മാറിയതില്‍ അഭിമാനമുണ്ടെന്ന് സ്കൂൾ അധികൃതര്‍ പറഞ്ഞു.
വിദ്യാലയത്തിലെ അനധ്യാപികയ്ക്ക് സ്വന്തമായി വീട് നിര്‍മ്മിച്ച് കൊടുക്കുന്നതിനായി, വിദ്യാര്‍ത്ഥികളും അധ്യാപക - അനധ്യാപകരും തങ്ങളുടെ ക്രിസ്മസ് ഫ്രണ്ടിന് വേണ്ടി മാറ്റിവച്ച സമ്മാനതുകയായ 4.73 ലക്ഷം രൂപ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് താണിക്കലിന് ചടങ്ങില്‍ കൈമാറി. സെന്റ് മേരിസ് ഫോറോന പള്ളി വികാരി ഫാ. ജോളി വടക്കന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍, ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.
Read also: ഭൂമിയിൽ നിന്നും നോക്കെത്താ ദൂരത്ത്... 2500 പ്രകാശവർഷം അകലെ അതിമനോഹരമായൊരു 'ക്രിസ്മസ് ട്രീ' !
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam