Asianet News MalayalamAsianet News Malayalam

ഭൂമിയിൽ നിന്നും നോക്കെത്താ ദൂരത്ത്... 2500 പ്രകാശവർഷം അകലെ അതിമനോഹരമായൊരു 'ക്രിസ്മസ് ട്രീ' !

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കോസ്മിക് ക്രിസ്മസ് ട്രീയുടെ ചിത്രവുമായി നാസ

NASA Captures Cosmic Christmas Tree 2500 Light Years From Earth SSM
Author
First Published Dec 22, 2023, 12:19 PM IST

അതിമനോഹരമായൊരു ക്രിസ്മസ് ട്രീയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. ഭൂമിയിലൊന്നുമല്ല ഈ കോസ്മിക് ക്രിസ്മസ് ട്രീയുള്ളത്. ഭൂമിയില്‍ നിന്ന് ഏകദേശം 2500 പ്രകാശവര്‍ഷം അകലെയാണിത്.

കാഴ്ചയില്‍ ക്രിസ്മസ് ട്രീ പോലെ തോന്നുന്ന എന്‍ജിസി 2264 എന്ന നക്ഷത്ര വ്യൂഹത്തിന്‍റെ ചിത്രമാണ് നാസ പങ്കുവെച്ചത്. പച്ച, നീല, വെള്ള എന്നിങ്ങനെ പല നിറങ്ങളിലായി ഒറ്റ നോട്ടത്തില്‍ ക്രിസ്മസ് ട്രീ പോലെ തന്നെയുണ്ട് ഈ നക്ഷത്രവ്യൂഹം. ക്ലസ്റ്ററിലെ ചില നക്ഷത്രങ്ങൾ ചെറുതാണ്. ചിലത് താരതമ്യേന വലുതും. അതായത് സൂര്യന്‍റെ പത്തിലൊന്ന് വലുപ്പമുള്ളത് മുതൽ ഏഴിരട്ടി വരെ വലുപ്പമുള്ള നക്ഷത്രങ്ങള്‍.

വിവിധ ദൂരദർശിനികളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ചാണ് ഈ ചിത്രം സൃഷ്ടിച്ചത്. നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സർവേറ്ററിയിലാണ് നീലയും വെള്ളയും നിറത്തിലുള്ള നക്ഷത്രങ്ങള്‍ പതിഞ്ഞത്. പശ്ചാത്തലത്തിലുള്ള പച്ച നിറം നെബുലയാണ്. കിറ്റ് പീക്ക് ഒബ്‌സർവേറ്ററിയി ഡബ്ല്യുഐവൈഎന്‍ 0.9 മീറ്റർ ദൂരദർശിനിയിലാണ് ഇത് പതിഞ്ഞത്. വെള്ള നക്ഷത്രങ്ങൾ ടു മൈക്രോൺ ഓൾ സ്കൈ സർവേയിൽ നിന്നുള്ളതാണ്. ചിത്രം ഏകദേശം 160 ഡിഗ്രി ഘടികാര ദിശയിൽ തിരിക്കുമ്പോഴാണ് ക്രിസ്മസ് ട്രീ പോലെ തോന്നുന്നത്.

താരതമ്യേന യുവ നക്ഷത്രങ്ങളാണ് ഈ നക്ഷത്ര വ്യൂഹത്തിലുള്ളത്. 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ ഇടയില്‍ പ്രായമുള്ളവ ആണിവ. കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതും അവസാനത്തോട് അടുക്കുന്നതുമായ മറ്റ് നക്ഷത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇനിയും ഒരുപാട് ആയുസ്സുണ്ട് ഈ നക്ഷത്ര കൂട്ടങ്ങള്‍ക്ക്. പക്ഷേ ക്രിസ്മസ് ട്രീ ക്ലസ്റ്റർ നക്ഷത്രങ്ങളെ നമ്മുടെ കണ്ണുകള്‍ കൊണ്ട് മാത്രമായി കാണാനാവില്ല. 
 

Latest Videos
Follow Us:
Download App:
  • android
  • ios