
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പൊലീസ് ലാത്തികൊണ്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി. ആലപ്പുഴ കനകക്കുന്ന് പൊലീസിനെതിരെ പരാതിയുമായി രക്ഷിതാക്കൾ രംഗത്ത്. പൊലീസുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ മൂന്നു വിദ്യാർത്ഥികളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അന്വേഷിക്കാന്‍ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് നിസ്സാരമായെടെുത്തെന്നും പരാതിയുണ്ട്
വേലഞ്ചിറ സ്വദേശികളായ വരുൺ, സിദ്ധാർത്ഥ്, അബി എന്നിവർക്കാണ് കനകക്കുന്ന് പോലീസിന്റെ അക്രമത്തിൽ പരിക്കേറ്റത്. കണ്ടല്ലൂർ വേലഞ്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രതിന് സമീപമാണ് സംഭവം. ബാലസംഘം ഏരിയാ വൈസ് പ്രസിഡന്‍റ് ആയ വരുണും സുഹത്തുക്കളും വേലഞ്ചിറ ജംഗ്ഷനിൽ സംസാരിച്ചുകൊണ്ടിരിക്കെ ഒരു സംഘം ഇവിടെ എത്തി വഴക്കുണ്ടാക്കി. സംഭവമറിഞ്ഞ് ബൈക്കിൽ എത്തിയ രണ്ടു പൊലീസുകാർ കാരണമറിയാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് വരുൺ പറയുന്നു.
വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് വരുണിന്റെ മാതാവ് രശ്മി പറഞ്ഞു. കുട്ടികളുടെ കാലുകളിലും ശരീരത്തും ലാത്തികൊണ്ട് അടിയേറ്റ പാടുകളുണ്ട്. കുട്ടികളെ മർദ്ദിച്ച പൊലീസുകാരിൽ ഒരാൾ സിവിൽ ഡ്രസ്സിലും മറ്റൊരു പൊലീസുകാരൻ യൂണിഫോമിലും ആയിരുന്നുവെന്നും അവർ പറഞ്ഞു. പ്രശ്നമുണ്ടാക്കിയത് തങ്ങളല്ല എന്ന് പറഞ്ഞിട്ടും പോലീസുകാർ തങ്ങളെ ലാത്തി ഉപയോഗിച്ച് അടിക്കുകയായിരുന്നു- വിദ്യാര്‍ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അക്രമത്തിൽ വരുണിന്റെ കാലിന് ചതവേറ്റിട്ടുണ്ട്. സിദ്ധാർത്ഥിന്റെ കൈവിരലുകൾക്കും കാലിന്‍റെ തുടയ്ക്കും പരുക്ക് ഉണ്ട്. അബിയുടെ കാൽമുട്ട് പൊട്ടി. വിവരമറിഞ്ഞ് വിദ്യാർത്ഥികളെയും കൂട്ടി കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും സംഭവത്തെ പൊലീസ് നിസ്സാരമായി കാണുകയായിരുന്നുവെന്ന് വരുണിന്റെ മാതാവ് രശ്മി പറഞ്ഞു. കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടാക്കിപ്പോള്‍ വിരട്ടി ഓടിക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് മര്‍ദ്ദിച്ചോ എന്ന് പരിശോധിക്കുമെന്നും കനകക്കുന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
Read More : വൻ ശബ്ദം, വീടിന്‍റെ 3 ജനൽ ചില്ലുകൾ തകർന്നു; ആലപ്പുഴയിൽ മുൻ പഞ്ചായത്ത് അംഗത്തിന്‍റെ വീടിന് നേരെ ആക്രമണം