
സുല്‍ത്താന്‍ബത്തേരി: നിരവധി പേര്‍ക്ക് കൈമാറാന്‍ ലക്ഷ്യമിട്ട് വലിയ അളവില്‍ കടത്തിയ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പോലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം കൊന്നക്കുഴി വീട്ടില്‍ കെ. അഭിലാഷ് (44), നടുവട്ടം അദീബ് മഹല്‍ വീട്ടില്‍ അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി കല്ലുട്ടിവയല്‍ വീട്ടില്‍ അബ്ദുള്‍ മഷൂദ് (22) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. സംഘത്തില്‍ നിന്നും 53.48 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
വ്യാഴാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മൂവര്‍സംഘം പിടിയിലായത്. കര്‍ണാടക ഭാഗത്തുനിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കെ.എല്‍ 56 എക്‌സ് 6666 നമ്പര്‍ ഐ20 കാര്‍ ചെക്പോസ്റ്റിൽ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. അഭിലാഷിന്റെ ട്രാക്ക് സ്യൂട്ടിനടിയില്‍ വലതു കാല്‍ മുട്ടില്‍ ധരിച്ചിരുന്ന നീക്യാപിനുള്ളില്‍ (സിലല രമു) ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ചില്ലറ വില്‍പ്പന ലക്ഷ്യമിട്ട് മൂന്ന് പേരും ചേര്‍ന്ന് വില്‍പ്പനക്കായി ബെംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ട് വന്നതാണ് എംഡിഎംഎയെന്ന് പൊലീസ് പറയുന്നു.
വലിയ അളവില്‍ എംഡിഎംഎ ലഭിച്ചത് എവിടെ നിന്നടക്കമുള്ള കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കിഷോര്‍ സണ്ണി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിവാകരന്‍, ലബനാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജോ ജോസ്, പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതികളില്‍ അബ്ദുള്‍ മഷൂദിന്റെ പേരില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ എഴ് മോഷണക്കേസുകളും ഒരു വധശ്രമക്കേസും ഉണ്ട്. അദീബ് മുഹമ്മദ് സ്വാലിഹ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam