അന്വേഷണത്തിൽ പൊലീസിന് സംഭവിച്ച വീഴ്‌ചകൾ എണ്ണി കോടതി; പ്രധാന സാക്ഷികൾ കൂറുമാറിയതും തിരിച്ചടി; ബസ് തടഞ്ഞ കേസിൽ പ്രതികൾ കുറ്റവിമുക്തർ

Published : Feb 28, 2026, 09:52 PM IST
COURT ORDER

Synopsis

2013-ൽ കൊല്ലത്ത് സ്വകാര്യ ബസ് തടഞ്ഞ് പൊതുശല്യമുണ്ടാക്കിയെന്ന കേസിൽ പ്രതികളായ രണ്ട് യുവാക്കളെ കോടതി വെറുതെ വിട്ടു. പ്രധാന സാക്ഷികൾ കൂറുമാറിയതും അന്വേഷണത്തിലെ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

കൊല്ലം: നഗരത്തിൽ സ്വകാര്യ ബസ് തടഞ്ഞുനിർത്തുകയും മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത കേസിൽ പ്രതികളായ യുവാക്കളെ കോടതി വെറുതെ വിട്ടു. കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിൽ 2013ൽ നടന്ന സംഭവത്തിൽ തൃക്കരുവ സ്വദേശികളായ സതീഷ്, രാജീവ് എന്നിവരെയാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (III) വെറുതെ വിട്ടത്. കേസിലെ രണ്ടാം പ്രതി ഹബീബ് വിചാരണാ വേളയിൽ മരണപ്പെട്ടതിനാൽ ഇയാൾക്കെതിരെയുള്ള നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. കേസിൽ പ്രതികൾക്ക് വേണ്ടി അഭിഭാഷകനായ ലിജിൻ ഫെലിക്സ് ആണ് ഹാജരായത്.

2013 ഓഗസ്റ്റ് 31-ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാലുംമൂട് ഭാഗത്തേക്ക് സർവീസ് നടത്തിയിരുന്ന 'മമ്മി' എന്ന സ്വകാര്യ ബസ് തടഞ്ഞുനിർത്തി യാത്രക്കാർക്കും പൊതുജനങ്ങൾക്കും തടസ്സമുണ്ടാക്കി എന്നായിരുന്നു പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341 (അന്യായമായി തടഞ്ഞുവെക്കൽ), 283 (പൊതുവഴിയിൽ തടസ്സം സൃഷ്ടിക്കൽ) വകുപ്പുകൾ പ്രകാരവും കേരള പോലീസ് ആക്ട് 118 (എ) പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പട്രോളിംഗിനിടെയാണ് ഇവരെ പിടികൂടിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ, കേസിലെ പ്രധാന സാക്ഷികളായ ബസ് ഡ്രൈവറും കണ്ടക്ടറും കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയില്ല. തങ്ങൾക്ക് ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നും പ്രതികളെ അറിയില്ലെന്നുമാണ് ഇവർ കോടതിയിൽ പറഞ്ഞത്. ഇതോടെ ഇവരെ കോടതി കൂറുമാറിയവരായി പ്രഖ്യാപിച്ചു. കേസിൽ ബസ്സിലെ യാത്രക്കാരുടെ മൊഴികൾ രേഖപ്പെടുത്താതിരുന്നതും പ്രതികളെ ശാസ്ത്രീയമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കാതെ ശ്വാസപരിശോധന (Breath Analyser) മാത്രം നടത്തിയതും പ്രോസിക്യൂഷൻ്റെ ബലഹീനതയായി കോടതി ചൂണ്ടിക്കാട്ടി. ലഭ്യമായ തെളിവുകൾ പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) ആതിര ചന്ദ്രൻ യു.ബി നിരീക്ഷിച്ചു. സ്വതന്ത്ര സാക്ഷികളുടെ അഭാവവും അന്വേഷണത്തിലെ പോരായ്മകളും പരിഗണിച്ച് പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കുറ്റവിമുക്തരാക്കി കോടതി ഉത്തരവിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃക്കുന്നപ്പുഴ എസ്ഐ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലത്ത് വാടകക്ക് താമസിക്കവെ 4 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് മരണം വരെ ജീവപര്യന്തം കഠിനതടവ്