ഓഫീസിലെ വനിതാ ജൂനിയർ ക്ലർക്കിന്റെ പരാതിയിലാണ് നടപടി. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. ഇയാൾ ഇതിനുമുൻപും ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.
ചേർത്തല: കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ വനിതാ സഹപ്രവർത്തകയെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പൊലീസ് പിടിയിൽ. ഇവിടെ ജോലി ചെയ്തുവരുന്ന ശ്രീജിത്ത് ആണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. ഓഫീസിലെ വനിതാ ജൂനിയർ ക്ലർക്കിന്റെ പരാതിയിലാണ് നടപടി. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. ഇയാൾ ഇതിനുമുൻപും ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.
ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയതിന് പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരവും, മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സഹപ്രവർത്തകരെ അസഭ്യം പറഞ്ഞതിന് മാന്നാർ സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി രതീഷിന്റെ നേതൃത്വത്തിൽ സിപിഒമാരായ വിജേഷ്, രജിഷ്, പീറ്റർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


