
സുൽത്താൻബത്തേരി: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ ബെംഗളൂരുവിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും 16.399 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. കോഴിക്കോട് ഒളവണ്ണ സ്വദേശി അദ്വൈത്.പി.റ്റി (27 വയസ്) ആണ് പിടിയിലായത്.
സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ വിനോദ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ.എ, സുധീഷ്.കെ.കെ, ധന്വന്ത്.കെ.ആർ, ആദിത്ത്.വി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ.ബി.ആർ പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ.കെ.കെ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
അതേസമയം, കണ്ണൂർ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27 വയസ്), ബിശ്വ ജിത് കണ്ടെത്രയാ (19 വയസ്) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ തൃശൂർ നഗരത്തിൽ 5 കിലോഗ്രാമിലധികം കഞ്ചാവുമായി രാജേഷ് എന്നയാളും എക്സൈസിന്റെ പിടിയിലായി. 'ഒറിയൻ സ്പെഷ്യൽ' എന്ന പേരിൽ അറിയപ്പെടുന്ന കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. തൃശൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സുധീർ.കെ.കെ യും പാർട്ടിയും ചേർന്നാണ് നിരന്തരമായ നിരീക്ഷണങ്ങൾക്കൊടുവിൽ പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam