ഏക്കറിന് അയ്യായിരം രൂപ കൂലി; വയനാട്ടിലെ പാടങ്ങളില്‍ 'ഞാറുനടാന്‍' അന്യസംസ്ഥാന തൊഴിലാളികള്‍

By Web TeamFirst Published Oct 2, 2019, 11:47 PM IST
Highlights

തൊഴിലാളിക്ഷാമം ഭയന്ന് പാടങ്ങള്‍ തരിശിടാന്‍ തീരുമാനിച്ചിരുന്ന സമയത്താണ് വയലിലേക്ക് ജോലിക്കായി അന്യസംസ്ഥാന തൊഴിലാളികള്‍ സംഘമായി എത്തിയത്. 

കല്‍പ്പറ്റ: പതിനായിരങ്ങള്‍ മുടക്കി കൃഷിയിറക്കിയിട്ടും മതിയായ വില ലഭിക്കാത്ത ദുരിതത്തിനിടക്കാണ് വയനാട്ടില്‍ വീണ്ടും പ്രളയമെത്തിയത്. പലയിടങ്ങളിലും നെല്‍കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി. നഷ്ടങ്ങളുടെ കണക്കെടുപ്പ് എങ്ങുമെത്തിയില്ല. അതിനാല്‍ തന്നെ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും പലര്‍ക്കും ലഭിച്ചില്ല. ഇങ്ങനെയൊക്കെയാണെങ്കിലും നഷ്ടം സഹിച്ച് വീണ്ടും കൃഷിയിറക്കാന്‍ ഒരുങ്ങുകയാണ് പല കര്‍ഷകരും.

തൊഴിലാളിക്ഷാമം ഭയന്ന് പാടങ്ങള്‍ തരിശിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും വയാട്ടിലെ പാടങ്ങളിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ആദിവാസി തൊഴിലാളികളെല്ലാം പണി ഇല്ലാത്തതിനാല്‍ ദൂരെ ദിക്കുകളിലേക്ക് മറ്റു ജോലിതേടി പോയതാണ് കൃഷിയിറക്കലിന് തിരിച്ചടിയായത്. ഏക്കറിന് അയ്യായിരം രൂപയാണ് അന്യസംസ്ഥാന  തൊഴിലാളികള്‍ക്ക് ഞാറ് പറിച്ച് നടുന്നതിന് നല്‍കേണ്ടത്. നാട്ടിലെ തൊഴിലാളികള്‍ക്കാണെങ്കില്‍ വെവ്വേറെ കൂലി നല്‍കേണ്ടി വരുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇവിടുത്തെ തൊഴിലാളികളേക്കാള്‍ വേഗത്തിലാണ് അന്യസംസ്ഥാന  നടീല്‍ജോലികളും മറ്റും പൂര്‍ത്തിയാക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

കൃഷിയിറക്കുന്ന സീസണ്‍ നോക്കിയാണ് അന്യസംസ്ഥാന ഓരോ നാട്ടിലും സംഘമായി എത്തുന്നത്. വയലുകള്‍ ഏറെയുള്ള വയനാട് പോലുള്ള സ്ഥലങ്ങളാണ് ഇവരുടെ ലക്ഷ്യം. വയനാട്ടിലെ ജോലികള്‍ തീര്‍ന്നാല്‍ തൃശ്ശൂരിലേക്ക് യാത്രയാകും. അവിടെ കോള്‍ നിലങ്ങളില്‍ കൃഷി ഇറക്കി കഴിഞ്ഞാല്‍ കണ്ണൂരിലേക്കും അവിടെ നിന്ന് തിരിച്ചു നാട്ടിലേക്കും മടങ്ങുമെന്നുമാണ് ഇവര്‍ പറയുന്നത്. നടീല്‍ജോലികള്‍ തുടങ്ങാനിരിക്കെയാണ് പ്രളയമുണ്ടായത്. മഴ കുറഞ്ഞപ്പോള്‍ പലര്‍ക്കും പാടത്തേക്കിറങ്ങാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ജോലിയെടുക്കാന്‍ ബംഗാളികളെ ലഭിച്ചതോടെ പാടങ്ങള്‍ തരിശിടാന്‍ താല്‍പ്പര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

click me!