യുവാക്കള്‍ വെല്ലുവിളിച്ചതോടെ കിരണ്‍ വീടിന് പുറത്തേയ്ക്ക് വന്നു. ഇതോടെ മര്‍ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ കിരണിന്റെ മൊബൈല്‍ ഫോണ്‍ അക്രമി സംഘം കവര്‍ന്നു
കൊല്ലം: വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രദേശവാസികളായ യുവാക്കൾക്കെതിരെ കേസ്. യുവാക്കൾ കിരണിന്റെ മൊബൈൽ ഫോൺ അപഹരിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു മർദ്ദനമേറ്റത്. നാല് യുവാക്കളാണ് കിരണിനെ വീട്ടിലെത്തി മർദ്ദിച്ചത്. കിരണിന്റെ വീടിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനപരമായി സംസാരിക്കുകയും വീടിന് മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു. യുവാക്കള്‍ വെല്ലുവിളിച്ചതോടെ കിരണ്‍ വീടിന് പുറത്തേയ്ക്ക് വന്നു. ഇതോടെ മര്‍ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ കിരണിന്റെ മൊബൈല്‍ ഫോണ്‍ അക്രമി സംഘം കവര്‍ന്നു. തുടര്‍ന്ന് കിരണിന്റെ കുടുംബം ശൂരനാട് പൊലീസിൽ പരാതി നൽകി. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കിരൺ കുമാർ മോശമായി സംസാരിച്ചതോടെയാണ് അക്രമം നടന്നതെന്നാണ് യുവാക്കൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. യുവാക്കൾ മദ്യ ലഹരിയിൽ ആയിരുന്നുവെന്നും സൂചനയുണ്ട്.
ആക്രമണം മദ്യലഹരിയിലെന്ന് സൂചന
2021 ലാണ് 24 കാരിയായ വിസ്മയയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ വിസ്മയയുടെ ഭർത്താവ് കിരണിനെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺ കുമാറിന് തടവ് ശിക്ഷയ്ക്ക് പിന്നാലെ കിരണിന് ജോലി നഷ്ടപ്പെടുകയും ചെയ്തു. കോടതി ഇയാളെ 10 വർഷം തടവിന് ശിക്ഷിച്ചെങ്കിലും നിലവില്‍ സുപ്രീം കോടതിയില്‍ നിന്നും കിരണ്‍ ജാമ്യം നേടിയിട്ടുണ്ട്. ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിൽ കഴിയുന്നതിനിടെയാണ് നിലവിലെ സംഭവം.


