ലോക്ക്ഡൗൺ കാലത്തെ കൈത്താങ്ങ്; അതിഥി തൊഴിലാളിയുടെ വക സമൂഹ അടുക്കളയിലേക്ക് പച്ചക്കറി കിറ്റുകള്‍

By Web TeamFirst Published Apr 21, 2020, 9:41 PM IST
Highlights

17 വര്‍ഷം മുമ്പ് 16-ാം വയസിലാണ് ദേശ്‌രാജ് രാജസ്ഥാനിലെ കരോളി ജില്ലയില്‍ നിന്ന് കായക്കൊടിയില്‍ തൊഴില്‍ തേടിയെത്തിയത്. ഒരു സാധാരണ തൊഴിലാളിയായി കേരളത്തിലെത്തിയ തന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ച ഈ നാടിനെ ദുരന്ത കാലത്ത് ദേശ്‌രാജും കൈവിട്ടില്ല. 

കോഴിക്കോട്: മഹാമാരി ദുരന്തം വിതച്ച കൊറോണക്കാലത്തും അതിഥി തൊഴിലാളികളെ കേരളം കൈവിട്ടില്ല. സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും സ്വന്തം നാട്ടുകാര്‍ക്കൊപ്പം അവരെ സ്‌നേഹത്തിന്റെ കരുതലോടെ ചേര്‍ത്തു പിടിച്ചു. ആ സ്‌നേഹത്തിനും കരുതലിനുമുള്ള ആദരവാണ് കുറ്റിയാടി കായക്കൊടിയില്‍ നിന്നുള്ള ഈ മാതൃകാപ്രവര്‍ത്തനം. രാജസ്ഥാന്‍ സ്വദേശിയായ ദേശ്‌രാജാണ് അതിഥി തൊഴിലാളികള്‍ക്കാകെ അഭിമാനിക്കാവുന്ന പ്രവര്‍ത്തനവുമായി രംഗത്തെത്തിയത്. 

കായക്കൊടിയിലെ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറി നല്‍കിയ ദേശ്‌രാജ്, നാട്ടുകാരായ 550 കുടുംബങ്ങള്‍ക്കും അതിഥി തൊഴിലാളികളായ നൂറോളം പേര്‍ക്കും പച്ചക്കറി കിറ്റ് നല്‍കി. മൂന്ന് ദിവസത്തോളം ഉപയോഗിക്കാനുള്ള പച്ചക്കറികളാണ് സമൂഹ അടുക്കളയിലേക്ക് ദേശ്‌രാജ് നല്‍കിയത്. 5 കിലോഗ്രാം തൂക്കമുള്ള, വിവിധ പച്ചക്കറികളടങ്ങിയതാണ് കിറ്റ്. പ്രത്യേകം പാസ് വാങ്ങി കര്‍ണാടകയില്‍ നിന്നാണ് പച്ചക്കറികള്‍ എത്തിച്ചത്. ആര്‍.ആര്‍.ടി വളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പണം മുടക്കിയത് ദേശ്‌രാജാണെങ്കിലും മറ്റ് അതിഥി തൊഴിലാളികളും സഹായവുമായി രംഗത്തുണ്ട്.

17 വര്‍ഷം മുമ്പ് 16-ാം വയസിലാണ് ദേശ്‌രാജ് രാജസ്ഥാനിലെ കരോളി ജില്ലയില്‍ നിന്ന് കായക്കൊടിയില്‍ തൊഴില്‍ തേടിയെത്തിയത്. ഒരു സാധാരണ തൊഴിലാളിയായി കേരളത്തിലെത്തിയ തന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ച ഈ നാടിനെ ദുരന്ത കാലത്ത് ദേശ്‌രാജും കൈവിട്ടില്ല. ഇന്ന് സ്വന്തമായി ഗ്രാനൈറ്റ് കച്ചവടം നടത്തുന്ന ഇദ്ദേഹം തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം നീക്കിവച്ച് കൊവിഡ് 19നെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന പ്രവര്‍ത്തനത്തിന് കരുത്തു പകരുകയാണ്.

ജോലി തേടി കായക്കൊടിയിലെത്തിയപ്പോള്‍ ഇവിടുത്തുകാര്‍ നല്ല സഹായങ്ങളാണ് തനിക്ക് നല്‍കിയതെന്ന് ദേശ്‌രാജ് പറഞ്ഞു. ആ സഹായം തിരിച്ചു നല്‍കേണ്ട സമയമിതാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരമൊരു സഹായം ചെയ്യാനുള്ള തീരുമാനത്തിനു പിന്നിലെന്നും ഇദ്ദേഹം പറഞ്ഞു. കായക്കൊടിയില്‍ സ്വന്തം വീടെടുത്ത് ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുകയാണ് ദേശ്‌രാജ്.

click me!