ഹോട്ടലിൽ നിന്ന തൊഴിലാളികൾക്ക് പെട്ടെന്ന് നാട്ടിൽ പോകണം; പണി കിട്ടിയ വഴി ഉടമ അറിഞ്ഞത് സിസിടിവി നോക്കിയപ്പോൾ

By Web TeamFirst Published Mar 19, 2024, 2:13 PM IST
Highlights

മൂന്ന് മാസം മുമ്പാണ് വെസ്റ്റ് ബംഗാൾ, നാഗലാന്റ് എന്നിവിടങ്ങളിൽ നിന്നുമുള്ള രണ്ടംഗ സംഘം ഹോട്ടലിൽ ക്ലീനിങ് ജോലിക്ക് എത്തിയത്. കഴിഞ്ഞ ദിവസം ഇവർ നാട്ടിൽ പോകണമെന്ന് പറഞ്ഞ് പണവും വാങ്ങി പോവുകയായിരുന്നു.

തിരുവനന്തപുരം : കോവളത്തെ സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ ഹോട്ടൽ ഉടമയുടെ പണവും ടാബുകളും മൊബൈൽ ഫോണും കവർന്ന് കടന്നു കളഞ്ഞതായി പരാതി. കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ വിപിൻ രാജിന്റെ ഉടമസ്ഥയിലുള്ള ഹോട്ടലിലെ റസ്റ്റാറന്റ് ജീവനക്കാരാണ് കവർച്ച നടത്തിയത്.

ഇവിലെ ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികൾ ഇന്നലെ രാവിലെ നാട്ടിലേക്ക് പോയിരുന്നു. സംശയത്തെ തുടർന്ന് ഹോട്ടലിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ ഉടമയ്ക്ക് ലഭിച്ചത്. മൂന്ന് മാസം മുമ്പാണ് വെസ്റ്റ് ബംഗാൾ, നാഗലാന്റ് എന്നിവിടങ്ങളിൽ നിന്നുമുള്ള രണ്ടംഗ സംഘം ഹോട്ടലിൽ ക്ലീനിങ് ജോലിക്ക് എത്തിയത്. 

കഴിഞ്ഞ ദിവസം നാട്ടിൽ പോകണമെന്ന് പറഞ്ഞ് മൂന്ന് ദിവസത്തെ ശമ്പളം ഒഴിച്ച് ബാക്കി തുക കൈപ്പറ്റുകയും ഇന്നലെ രാവിലെ ആറ് മണിയോടെ ലൈറ്റ് ഹൗസ് ബീച്ചിൽ നിന്ന് ഒരു ഓട്ടോയിൽ കയറി പോകുകയും ചെയ്തിരുന്നു.  ഉടമയുടെ പരാതിയെ തുടർന്ന് കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!