കൊല്ലം ശൂരനാട്, പോരുവഴി പഞ്ചായത്തുകളിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെ തുടങ്ങിയ ആക്രമണം 12 മണിക്കൂറോളം നീണ്ടുനിന്നു. ആക്രമണത്തിന് ശേഷം നായയെ കാണാതായത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കൊല്ലം: തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിലാണ് 12 മണിക്കൂറോളം നായ ഭീതി നിറച്ചത്. വളർത്തു നായകൾക്കും കന്നുകാലികൾക്കും കടിയേറ്റു.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് നായയുടെ ആക്രമണം തുടങ്ങിയത്. ശൂരനാട് വടക്ക് ആനയടി പാറ ജംക്‌ഷനു വടക്ക് കശുവണ്ടി ഫാക്ടറിക്കു സമീപം ഉഷാലയം എന്ന വീടിന്റെ പാതി ചാരിയ വാതിൽ കടന്നെത്തിയ നായ ഉറങ്ങുകയായിരുന്ന 78 കാരി മണിയമ്മ യെ ആക്രമിച്ചു. നെഞ്ചിനും കൈകൾക്കും കടിയേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമീപത്തെ വീടിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന 58 വയസുള്ള ശിവദാസനെയും ആക്രമിച്ചു. ഇയാളുടെ ചെവിയുടെ പിറകിലും തലയിലും മൂക്കിലുമാണ് കടിയേറ്റത്. തുടർന്ന് അരുവന്നൂർവിള കിഴക്കേതിൽ ഗോപിനാഥൻ പിള്ള (80), ഉണ്ണിക്കൃഷ്ണ പിള്ള (55)എന്നിവർക്കും കടിയേറ്റു. നെറ്റിയിലും പുറത്തും കൈകൾക്കും സാരമായി പരുക്കേറ്റ ഗോപിനാഥൻ പിള്ളയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആനയടിയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെ ചക്കുവള്ളി ചിറയുടെ തീരത്ത്, രാവിലെ ഒൻപതരയോടെ യായിരുന്നു പിന്നീട് അക്രമണം.

വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ശൂരനാട് തെക്ക് പാലവിളയിൽ 84 കാരൻ ജോർജ് മകൻ 46 വയസുള്ള അനിൽ ജോർജ് എന്നിവരെയും നായ ആക്രമിച്ചു. കൈകൾക്കും കാലിനും പരുക്കേറ്റ ജോർജിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോരുവഴി പഞ്ചായത്തിലെ ചക്കുവള്ളി ടൗൺ വാർഡിലെ പുത്തൻപുര ഉന്നതിയിൽ വീടിന്റെ മുറ്റത്ത് നിന്ന സ്കൂൾ വിദ്യാർഥിക്കും നായയുടെ ആക്രമണമേറ്റു.പിന്നീട് കൊച്ചുതെരുവ് ജംക്‌ഷന്റെ ഭാഗത്തേക്ക് എത്തിയശേഷം നായ ഓടി മറഞ്ഞു. നാട്ടുകാർ വിവിധയിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല ഭീതി നിറച്ച നായ ഓടി മറഞ്ഞതോടെ ജനങ്ങൾ ആശങ്കയിലാണ്.