
അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസികളെ കൃഷിയിലേക്ക് തിരികെ കൊണ്ടുവരാനുളള മില്ലറ്റ് വില്ലേജ് പദ്ധതി പരാജയം. കൃഷിമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച കൃഷിയിടം ഇപ്പോഴും കാടുപിടിച്ച് കിടക്കുകയാണ്. പദ്ധതിക്കായി ഒരു സഹായവും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ഗുണഭോക്താക്കളായ ആദിവാസികൾ പറയുന്നത്.
പോഷകാഹാരലഭ്യത ഉറപ്പുവരുത്താൻ റാഗി,തിന, ചോളം തുടങ്ങിയ ധാന്യങ്ങൾ അട്ടപ്പാടിയിൽ തന്നെ കൃഷിചെയ്ത് ആദിവാസികളിലേക്കെത്തിക്കുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭൂതവഴി ഊരിലെ ഈ പ്രദേശത്ത് ചെറുധാന്യങ്ങൾ വിതച്ച് പദ്ധതി ഉദ്ഘാടനം ചെയ്യാൻ ഉദ്യോഗസ്ഥർക്കൊപ്പം കൃഷിമന്ത്രിയും എത്തി. എന്നാൽ പിന്നീട് ഒരു സഹായവും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗുണഭോക്താക്കളുടെ പരാതി.
മൂന്നുവർഷം കൊണ്ട് അട്ടപ്പാടിയിൽ പോഷകാഹാരലഭ്യത ഉറപ്പുവരുത്താൻ 70 ഊരുകളിലാണ് മില്ലറ്റ് വില്ലേജ് വിഭാവനം ചെയ്തത് മിച്ചമുളള ഉത്പനങ്ങളെ മൂല്യവർദ്ധിത വസ്തുക്കളാക്കി വിപണിയിലെത്തിച്ച് ആദിവാസികൾക്ക് വരുമാനവും കണ്ടെത്താം. 6.87 കോടിരൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. നിലവിൽ വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് പദ്ധതിപ്രകാരം കൃഷി നടക്കുന്നതെന്ന് അട്ടപ്പാടിക്കാർ തന്നെ പറയുന്നു.അതേസമയം നടത്തിപ്പിൽ പാളിച്ചയില്ലെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. പദ്ധതി വിജയിത്തിലേക്കടുക്കുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പരാതികളുണ്ടെന്നും പരിശോധിക്കുമെന്നും ചുമതലയുളള കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam