കത്തുന്ന വേനല്‍ ചൂടകറ്റാന്‍ കാന്താരി സര്‍ബത്തുമായി മിനിചേച്ചി

By Web TeamFirst Published Feb 28, 2021, 6:59 PM IST
Highlights

തനി നാടന്‍ കാന്താരി അമ്മിക്കല്ലില്‍ ചതച്ചെടുത്ത് പ്രത്യേക കൂട്ടും ചേര്‍ത്ത് ചില്ലുകുപ്പിയില്‍ നിറച്ച സോഡ ഒഴിച്ച് അടിച്ചെടുത്ത സര്‍ബത്ത് കുടിക്കാന്‍ തിരക്കേറെയാണ്.
 

ആലപ്പുഴ: ഈ കത്തുന്ന വേനലില്‍ വണ്ടാനംമെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നവര്‍ മിനിച്ചേച്ചി ഉണ്ടാക്കുന്ന സര്‍ബത്ത് കുടിക്കാതെ പോകില്ല. ഇവിടുത്തെ കാന്താരി സര്‍ബത്തിന് അത്രയും രുചിയാണ്. തനി നാടന്‍ കാന്താരി അമ്മിക്കല്ലില്‍ ചതച്ചെടുത്ത് പ്രത്യേക കൂട്ടും ചേര്‍ത്ത് ചില്ലുകുപ്പിയില്‍ നിറച്ച സോഡ ഒഴിച്ച് അടിച്ചെടുത്ത സര്‍ബത്ത് കുടിക്കാന്‍ തിരക്കേറെയാണ്. കാന്താരി വേണ്ടാത്തവര്‍ക്ക് ഇഞ്ചി സര്‍ബത്തും കുടിക്കാം. കാന്താരി സര്‍ബത്തിനും ഇഞ്ചി സര്‍ബത്തിനും 20 രൂപയും സര്‍ബത്തില്ലാത്ത സോഡക്കൂട്ടിന് 15 രൂപയും മാത്രമാണ് വില. 

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പടിഞ്ഞാറ് മതിലിനോട് ചേര്‍ന്നുള്ള കടയിലാണ് നാടന്‍ കാന്താരി സര്‍ബത്തിന് പ്രിയമേറുന്നത്. എരിവും പുളിയും ഉപ്പും മധുരവും ഒത്തുചേര്‍ന്ന കൂട്ടില്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേരുമ്പോള്‍ വേനല്‍ച്ചൂടില്‍ തളര്‍ന്നെത്തുന്നവര്‍ക്ക് ഏറെ ആശ്വാസമാകുന്നു. മധുരം അകറ്റി നില്‍ക്കുന്നവര്‍ക്ക്  ഉപ്പിട്ടുള്ള കാന്താരി സോഡയും ഇഞ്ചി സോഡയും ലഭ്യമാണ്. കാന്താരി സര്‍ബത്തിന്റെ രുചി അറിഞ്ഞവര്‍ പറഞ്ഞുകേട്ട് പലരും മിനിച്ചേച്ചിയുടെ കട തിരക്കി എത്താറുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും സ്ഥിരമായി കാന്താരി സര്‍ബത്തിന്റെ  രുചി തേടി എത്താറുണ്ട്.

click me!