
പാലക്കാട്: നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരൻ - സജിത ദമ്പതികളുടെ മൂത്തമകൾ അഖിലയ്ക്ക് ജോലി ഉറപ്പുനൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ചെന്നിത്തല അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് പൊലീസിന് പ്രത്യേക നിർദേശം നൽകിയതായി ചെന്നിത്തല അറിയിച്ചു. പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ്റെ വീട്ടിൽവെച്ചാണ് സുധാകരൻ്റെയും സജിതയുടെയും മക്കളായ അതുല്യയെയും അഖിലയെയും ചെന്നിത്തല സന്ദർശിച്ചത്. വധശിക്ഷ ലഭിച്ചു ജയിലിൽ കഴിയുന്ന ചെന്താമര ആണ് സുധാകരനെയും സജിതയെയും കൊലപ്പെടുത്തിയത്.
സംഭവമുണ്ടായ ശേഷം കുട്ടികളെ സന്ദർശിച്ചിരുന്നതായും സഹായം നൽകിയിരുന്നതായും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുധാകരൻ്റെ മൂത്തമകൾ അഖിലയ്ക്ക് ജോലി നൽകണമെന്ന് കോടതിവിധിയിൽ പറയുന്നുണ്ട്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ ചർച്ച നടത്തും. കുട്ടികൾക്ക് ജോലി ലഭിക്കാനായി എല്ലാവിധ ശ്രമവും തുടരുമെന്നും ചെന്നിത്തല അറിയിച്ചു. പെട്ടെന്ന് ജോലി കിട്ടിയാൽ അത്രയും നല്ലതാണെന്ന് അഖില പറഞ്ഞു.
നെന്മാറയിൽ 2025 ജനുവരിയിലാണ് പോത്തുണ്ടി തിരുത്തംപാടത്ത് സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റിൽ സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം ഭാര്യയുടെ സുഹൃത്തായ സജിതയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇതിന് ശേഷം പൊലീസ് പിടിയിലായ ചെന്താമര, ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശേഷമായിരുന്നു സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ചെന്താമരയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയ്ക്ക് 2026 ജൂലൈ മാസം 20ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam