
മലപ്പുറം: ജില്ലയില്‍ 20.55 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ 19 കോടിയുടെ സ്ത്രീകളുടേയും കുട്ടികളുടെയും ബ്ലോക്ക്, കോട്ടക്കുന്നില്‍ സജ്ജമാക്കിയ 1 കോടിയുടെ ഫുഡ് സ്ട്രീറ്റ്, ഇരിങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 55.5 ലക്ഷം രൂപയുടെ കുറ്റിത്തറമേല്‍ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടെയും ബ്ലോക്കിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി നിര്‍വഹിക്കും. മലപ്പുറം ജില്ലയില്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ബ്ലോക്ക്. 19 കോടി രൂപ ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ ആദ്യഘട്ടം സജ്ജമാക്കിയിരിക്കുന്നത്. 46,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 4 നിലകളിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബ്ലോക്കാണ് തയ്യാറാക്കിയിട്ടുളളത്. ഗൈനക്കോളജി വിഭാഗം ഒ.പി, ശിശുരോഗ വിഭാഗം ഒ.പി, ഒബ്‌സര്‍വേഷന്‍ റൂം, പ്രതിരോധ കുത്തിവെയ്പ്പ് മുറി, അള്‍ട്രാസൗണ്ട് സ്‌കാന്‍ സംവിധാനം എന്നിവ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്ക് 1.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നില്‍ നിര്‍മ്മിച്ച ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് മന്ത്രി നിര്‍വഹിക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് സുരക്ഷിതവും വൃത്തിയുമുളള ഇടങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ 1 കോടി രൂപ ഉപയോഗിച്ച് കോട്ടക്കുന്നില്‍ ഫുഡ് സ്ട്രീറ്റ് നിര്‍മ്മിച്ചിട്ടുളളത്. ആദ്യ ഘട്ടത്തില്‍ 4 സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. തിരുവന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിലാണ് ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കിയത്. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഇരിങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിത്തറമേല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകുന്നേരം 3 മണിക്ക് മന്ത്രി നിര്‍വഹിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam