മലപ്പുറത്ത് കാണാതായ അബ്ദുള്ളയെ അപായപ്പെടുത്തിയെന്ന് സന്ദേശം; ഒടുവിൽ സ്വാമിയായി തിരിച്ചുവരവ്, ട്വിസ്റ്റ്

By Web TeamFirst Published Sep 20, 2022, 2:17 PM IST
Highlights

പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പരാതിക്കാരിയുടെ മുൻ ഭർത്താവിലുള്ള മകന്റെ പേരിൽ കാണാതായ അബ്ദുള്ളയെ അപായപ്പെടുത്തിയെന്നും ഇനി അന്വേഷിക്കേണ്ടതില്ലെന്നും ഒരു സന്ദേശം ലഭിച്ചു. ഇത് സംബന്ധിച്ച് അന്വേഷമം നടക്കുന്നതിനിടെയാണ് ട്വിസ്റ്റ്.

മലപ്പുറം: ഒരു മിസ്സിംഗ് കേസ് തീരാതലവേദനയായി മാറിയിയിരിക്കുകയായിരുന്നു വഴിക്കടവ് പൊലീസിന്. ഒടുവില് പൊലീസിനും നാട്ടുകാര്‍ക്കും ആശ്വാസമായി കാണാതായ ആള്‍ കേരളത്തിലേക്ക് തിരിച്ചെത്തി, അതും സന്ന്യാസിയായി. വിവരമറിഞ്ഞ പൊലീസ് ഇയാളെ ആശ്രമത്തിലത്തി പിടികൂടി. മലപ്പുറത്താണ് നാട്ടുകാരെയും പൊലീസിനെയും ഒരുമിച്ച് ചുറ്റിച്ച സംഭവം നടന്നത്. വഴിക്കടവ് മണിമൂളി കുറ്റിപ്പുറത്ത് അബ്ദുല്ല (57)യെ ആണ് 47 ദിവസത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്. 

വഴിക്കടവ് മണിമൂളിയിൽനിന്നും ആഗസ്ത് ഒന്നുമുതൽ ആണ് മധ്യവയ്സകനായ അബ്ദുള്ളയെ  കാണാതായത്. വീടുവിട്ടിറങ്ങിയ അബ്ദുള്ള ആരോടും പറയാതെ പോവുകയായിരുന്നു. അഞ്ചാം തീയതി ഇയാളുടെ ഭാര്യ മൈമൂന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ കാണാതായയാൾ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ എത്തിയതായി അറിഞ്ഞു. പക്ഷേ കണ്ടെത്താനായില്ല. പരാതിക്കാരി അന്വേഷണം തൃപ്തികരമല്ല എന്നാരോപിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. 

കാണാതായ അബ്ദുള്ള സാംഗ്ലിയിൽനിന്ന് ഗോവയിലേക്കും അവിടെനിന്ന് മംഗളൂരുവിലേക്കും തുടർന്ന് കാസർകോട്, കാഞ്ഞങ്ങാട്, എറണാകുളം, പെരുമ്പാവൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും വന്നതായി പൊലീസിന് സൂചന ലഭിച്ചു. ഇവിടെയും പൊലീസ് അന്വേഷിച്ചു. ഇതിനിടെ പരാതിക്കാരിയുടെ മുൻ ഭർത്താവിലുള്ള മകന്റെ പേരിൽ കാണാതായ അബ്ദുള്ളയെ അപായപ്പെടുത്തിയെന്നും ഇനി അന്വേഷിക്കേണ്ടതില്ലെന്നും സന്ദേശം പരാതിക്കാരിക്ക് ലഭിച്ചു. ഇത് പരാതിക്കാരിയുടെ മകനേയും സഹോദരങ്ങളേയും സംശയത്തിന്റെ നിഴലിലാക്കി. മെസേജ് ലഭിച്ചതനുസരിച്ച് അജ്ഞാത മൃതദേഹങ്ങൾ കണ്ടയിടങ്ങളിൽ അന്വേഷിച്ചും തെളിവുകൾ ശേഖരിച്ചും പൊലീസ് അന്വേഷണം തുർന്നു.

എന്നാൽ, സന്ദേശം കാണാതായയാൾ അന്വേഷണം വഴിതിരിച്ചുവിടാൻ നടത്തിയ ഇടപെടലാണെന്ന് പൊലീസിന് മനസ്സിലായി. അബ്ദുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്ന് കൈയിലെ പണം തീർന്നപ്പോൾ ഇടുക്കി മുരിക്കശേരി വിശ്വാഗുരുകുലത്തിൽ ശശിധരാനന്ദ സ്വാമികൾ എന്ന വ്യാജ പേരിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന് വെല്ലുവിളി സൃഷ്ടിച്ചു. ഒടുവില്‍ ആശ്രമത്തിലുണ്ടെന്നറിഞ്ഞ അന്വേഷണ സംഘം അബ്ദുള്ളയെ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്ഐ ടി അജയകുമാർ, പ്രൊബേഷൻ എസ്ഐ ടി എസ് സനീഷ്, പൊലീസുകാരായ റിയാസ് ചീനി, കെ പി ബിജു, എസ് പ്രശാന്ത് കുമാർ എന്നിവരുമുണ്ടായിരുന്നു.

Read More : നഗ്നചിത്രം ഇൻസ്റ്റയിൽ, സുഹൃത്തുക്കള്‍ക്കും കൈമാറി; പ്രതിശ്രുത വധുവും കൂട്ടുകാരും ഡോക്ടറെ അടിച്ചുകൊന്നു

click me!