ഹൗസ് ബോട്ട് യാത്രയ്ക്കിടെ ആറ്റിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Jul 28, 2021, 7:46 PM IST
Highlights

 കുടുംബാംഗങ്ങൾ കാൺകെ പലതവണ മുങ്ങാംകുഴിയിട്ട് നീന്തി കുളിച്ച ആദിൽ പെട്ടെന്ന് മുങ്ങി പോയിട്ട് പൊങ്ങി വന്നില്ല. 

ആലപ്പുഴ: ഹൗസ് ബോട്ട് യാത്രയ്ക്കിടെ കൈനകരി പാലത്തിന് താഴെ ആറ്റിൽ നീന്താനിറങ്ങിയ മുഹമ്മദ് ആദിൽ (22) എന്ന ആലുവ സ്വദേശിയായ ഡിഗ്രി വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഒപ്പം 'ബൊനാൻസ ടൂർ' എന്ന ഹൗസ് ബോട്ടിൽ ഫിനിഷിംഗ് പോയിൻ്റിൽ നിന്നും 27 ന് രാവിലെ കായൽയാത്ര ആരംഭിക്കുകയും യാത്രയ്ക്കിടെ കൈനകരി പാലത്തിന് താഴെ ബോട്ട് കരയ്ക്കടുപ്പിച്ച സമയത്ത് ആറ്റിൽ നീന്തി കുളിക്കണമെന്ന് പറഞ്ഞ് കടവിൽ നിന്നും ആറ്റിലേയ്ക്കിറങ്ങി നീന്തുകയായിരുന്നു. 

ആദിലിന് അപസ്മാരം ഉണ്ടാകാറുള്ളതിനാൽ ആദിലിനെ ശ്രദ്ധിക്കാൻ വാപ്പയായ അൻസാറും ആറ്റിലിറങ്ങി. കുടുംബാംഗങ്ങൾ കാൺകെ പലതവണ മുങ്ങാംകുഴിയിട്ട് നീന്തി കുളിച്ച ആദിൽ പെട്ടെന്ന് മുങ്ങി പോയിട്ട് പൊങ്ങി വന്നില്ല. നാട്ടുകാരുൾപ്പെടെ പലരും മുങ്ങി തെരഞ്ഞിട്ടും ആദിലിനെ കണ്ടെത്താനായില്ല. 7 മണിയോട് കൂടി ആലപ്പുഴയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ സ്കൂബാ സെറ്റ് ഉപയോഗിക്കാതെ രാത്രി 8 മണി വരെ തെരച്ചിൽ നടത്തിയെങ്കിലും ആദിലിനെ കണ്ടെത്താനായില്ല. 

അടിയൊഴുക്കും ചെളിയും ഉള്ളതിനാൽ തെരച്ചിൽ ദുഷ്കരമായിരുന്നു. കൂടാതെ ചെളി കോരി മാറ്റിയ ഈ ഭാഗത്ത് ആഴമേറിയ നിരവധി കുഴികളും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആലപ്പുഴയിൽ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ വി വലന്‍റെയ്ന്‍റെ നേതൃത്വത്തിൽ  സ്കൂബാവിദഗ്ദ സംഘം കൈനകരിയിൽ എത്തി 7 മണിയോടെ തെരച്ചിൽ ആരംഭിച്ചു. 

9 മണിയോട് കൂടി ആറിന് നടുഭാഗത്തായുള്ള 10 മീറ്റർ താഴ്ച്ചയുള്ള വെള്ളത്തിനടിയിലെ കുഴിയിൽ നിന്നും   ആദിലിനെ കണ്ടെത്തി. ആലുവ പടിഞ്ഞാറെ കിടങ്ങല്ലൂർ കളപ്പുരയ്ക്കൽ വീട്ടിൽ അൻസാറിന്‍റെ ഏക മകനാണ് ആദിൽ.

click me!