
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെട്ടിട നിർമാണ തൊഴിലാളിയായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാമനപുരം മേലാറ്റുമൂഴി തേക്കിൻകാട് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും ഓമനയുടെയും മകൻ അരുൺ(30)നെയാണ് മേലാറ്റുമൂഴിക്കു സമീപമുള്ള ചായക്കടയോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് യുവാവ് വീട്ടില്‍ നിന്നുമിറങ്ങിയത്. സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് അരുൺ വീട്ടിൽ നിന്ന് പോയത് എന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് ഇയാളെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ കിണറ്റില്‍ നിന്നും അരുണിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അരുൺ എത്താൻ സാധ്യതയില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. സമീപത്തെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചു അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അരുണിന്‍റെ ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.