
കോഴിക്കോട് : സിപിഐ പ്രവര്‍ത്തകർ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നതിനെച്ചൊല്ലി നാദാപുരം എടച്ചേരിയില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ പോര് രൂക്ഷം. എടച്ചേരിയിലെ സിപിഐ ഓഫീസിലെ കൊടി അഴിച്ചു മാറ്റി ഡിവൈഎഫ്ഐയുടെ കൊടി കെട്ടി. സിപിഐ പ്രവര്‍ത്തകരെത്തി പാര്‍ട്ടി കൊടികള്‍ വീണ്ടും ഉയര്‍ത്തി.
എടച്ചേരിയില്‍ സിപിഐ വിട്ട അമ്പതോളം പേരെ സ്വീകരണ സമ്മേളനമൊരുക്കി സിപിഎമ്മിലേക്ക് കൊണ്ടു വന്നത് മുതലാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് ആരംഭിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനായിരുന്നു സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. ഇതിന് പിന്നാലെയാണ് സിപിഐയുടെ എടച്ചേരി നോർത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസായ എംപി കൃഷ്ണന്‍ സ്മാരക മന്ദിരത്തിലെ കൊടികള്‍ അഴിച്ചു മാറ്റി ഡിവൈഎഫ് ഐയുടെ കൊടികള്‍ കെട്ടിയത്. ഡിവൈഎഫ് ഐയുടെ കൊടികള്‍ പിന്നീട് സിപിഐ പ്രവര്‍ത്തകരെത്തി അഴിച്ചു മാറ്റി.
സംഭവത്തില്‍ സിപിഐയില്‍ പ്രതിഷേധം ശക്തമാണ്. അടുത്തിടെ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാളുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സിപിഐ ആരോപണം. എന്നാല്‍ കൊടി കെട്ടിയതുമായി സംഘടനക്ക് ബന്ധമില്ലെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം.
നേരത്തെ നാദാപുരം എംഎല്‍എയായ ഇ കെ വിജയന്‍റെ പിഎയും സിപിഐ നേതാവുമായ കളത്തില്‍ സുരേന്ദ്രനെ ചിലര്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുയര്‍ന്നിരുന്നു. എടച്ചേരി പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam