വനത്തിനുള്ളിലെ ഉന്നതിയിൽ ക്ഷയരോഗ ബോധവത്കരണത്തിന് വന്നതായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍; കണ്ടറിഞ്ഞ് സഹായിച്ചപ്പോൾ പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും രക്ഷ

Published : Nov 14, 2025, 05:37 PM IST
thrissur

Synopsis

ഇടുക്കി ഇടമലക്കുടിയിൽ ആരോഗ്യ പ്രവർത്തകർ 18 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച് ഗർഭിണിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് സുഖപ്രസവമായിരുന്നു. 

ഇടുക്കി: ഇടമലക്കുടിയില്‍ ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 18 കിലോമീറ്റര്‍ വനത്തിനുള്ളിലെ ഇടമലക്കുടി ഉന്നതിയില്‍ നിന്നും ഗര്‍ഭിണിയെ ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് പ്രസവം സുരക്ഷിതമാക്കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ സേവനം നടത്തിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ക്ഷയരോഗ ബോധവത്കരണവുമായി ബന്ധപ്പെട്ട് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തങ്ങിയ ആരോഗ്യ പ്രവര്‍ത്തകരാണ് രക്ഷകരായത്. തൊടുപുഴ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ഡോ. എസ്. ഡി. അയ്യപ്പദാസ്, ഇടമലക്കുടി മെഡിക്കല്‍ ഓഫീസര്‍ ഡോ. സഖില്‍ രവീന്ദ്രന്‍, നഴ്‌സിങ് ഓഫീസര്‍ വെങ്കിടേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘമാണ് എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീക്ക് അടിയന്തര പരിചരണം നല്‍കിയത്.

നവംബര്‍ 12 അര്‍ധരാത്രിയോടെയാണ് യുവതിയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടത്. രാത്രി 2 മണിയോടെ ഉന്നതയില്‍ നിന്ന് ബന്ധുക്കള്‍ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഗര്‍ഭിണിയായ യുവതിക്ക് ശക്തമായ നടുവേദനയാണെന്ന് അറിയിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം ഉന്നതിയിലെ വീട്ടിലെത്തി യുവതിയെ പരിശോധിച്ചു. പരിശോധനയില്‍ പ്രസവ വേദനയാകാം എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അടിയന്തിരമായി ആംബുലന്‍സ് എത്തിച്ച് തുടര്‍ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയിലെ പരിശോധനയില്‍ പ്രസവവേദനയാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ പരിചരണം ഉറപ്പാക്കി കുഞ്ഞിന്റെ ശ്വാസകോശത്തിന്റെ വികാസത്തിന് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി. വ്യാഴാഴ്ച ഉച്ചക്ക് 12:30 മണിക്ക് യുവതി 2.5 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കി. താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഡോ. സോളി പി മാത്യുവിന്റെ നേതൃത്വത്തില്‍ നഴ്‌സിംഗ് ഓഫീസര്‍ ജി. മീനാകുമാരി, നഴ്‌സിംഗ് അസിസ്റ്റന്റ് ഫ്‌ളൈമി വര്‍ഗീസ്, ഗ്രേഡ് 2 അറ്റന്‍ഡര്‍ മിനിമോള്‍ പി.ജി എന്നിവര്‍ ഉള്‍പ്പെട്ട സംഘം പ്രസവ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.

പ്രഥമശുശ്രൂഷ നല്‍കി കൃത്യസമയത്ത് ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതിനാലാണ് കുട്ടിയുടെയും അമ്മയുടെയും ജീവന്‍ ഒരുപോലെ രക്ഷിക്കാന്‍ സാധിച്ചത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ