
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിലെ മോഷണം നടത്തിയ നാടോടി യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി കാമാക്ഷി (40) ആണ് കിളിമാനൂർ പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയോട് കിളിമാനൂരിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു നിലമേൽ പകരുകോണത്ത് കിഴക്കുംകര വീട്ടിൽ സുഭദ്രയുടെ ബാഗിൽ നിന്നും 2500 രൂപ അപഹരിച്ച കേസിലാണ് കാമാക്ഷി പിടിയിലായത്.
പിടിയിലായ കാമാക്ഷി പല പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകളിൽ പ്രതിയാണ് എന്ന് കിളിമാനൂർ പൊലീസ് പറഞ്ഞു. പ്രതിയായ കാമാക്ഷിയെ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ സജാന, സിവിൽ പൊലീസ് ഓഫീസർ ശ്രീരാജ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, ബസിനുള്ളിൽ വെച്ച് യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച യുവതി പിടിയിലായി. തമിഴ്നാട് മധുര സോളവന വില്ലേജിൽ ഡോർ നമ്പർ 5-ൽ സുബ്രഹ്മണിയുടെ മകൾ ഭഗവതി (37) യെ യാണ് യാത്രക്കാർ പിടികൂടി ആറ്റിങ്ങൽ പൊലീസിന് കൈമാറിയത്. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ സംഗീത ബസ്സിനുള്ളിൽ ആണ് സംഭവം.
ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് ഭഗവതി പൊട്ടിച്ചെടുത്ത് രക്ഷപെടാൻ ശ്രമിച്ചത്. തുടർന്ന് യാത്രക്കാർ ഇവരെ പിടികൂടി പൊലീസിന് കൈമാറി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് തിരക്കുള്ള ബസിൽ കയറി സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam