മൂന്നാര്‍ എസ്‌റ്റേറ്റ് മേഖലകളില്‍ മൊബൈല്‍ കവറേജ് ലഭിക്കുന്നില്ല; ബിഎസ്എന്‍എല്ലിനെതിരെ പ്രതിഷേധം ശക്തം

By Web TeamFirst Published Aug 28, 2019, 10:36 AM IST
Highlights

സംസ്ഥാനത്തുടനീളം ബിഎസ്എന്‍എല്‍ സേവനങ്ങള്‍ കുറയുന്നുണ്ടെങ്കിലും മറ്റ് നെറ്റുവര്‍ക്ക് ലഭിക്കുന്നതിനാല്‍ പരാതിപ്പെടാന്‍ ആരും തയ്യാറാകുന്നില്ല

ഇടുക്കി: മൂന്നാറില്‍ ബിഎസ്എന്‍എല്‍ അധിക്യതര്‍ 4 ജി സിംകാര്‍ഡുകള്‍ വിതരണം നടത്തുമ്പോഴും എസ്‌റ്റേറ്റ് മേഖലകളില്‍ മൊബൈല്‍ കവറേജ് ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. വന്യമ്യഗങ്ങളുടെ ശല്യം കൂടുതലുള്ള മേഖലയില്‍ മൊബൈല്‍ ബന്ധം നിശ്ചലമാകുന്നത് തൊഴിലാളികളുടെ ജീവനുതന്നെ ഭീഷണിയാണ്. 

മറ്റ് നെറ്റുവര്‍ക്ക് സംവിധാനങ്ങള്‍ 4 ജിഅടക്കമുള്ള സേവനങ്ങള്‍ ക്യത്യമായി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള സേവനങ്ങള്‍ പോലും നടപ്പിലാക്കാന്‍ അധിക്യതര്‍ക്ക് കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സംസ്ഥാനത്തുടനീളം ബിഎസ്എന്‍എല്‍ സേവനങ്ങള്‍ കുറയുന്നുണ്ടെങ്കിലും മറ്റ് നെറ്റുവര്‍ക്ക് ലഭിക്കുന്നതിനാല്‍ പരാതിപ്പെടാന്‍ ആരും തയ്യാറാകുന്നില്ല. എന്നാല്‍ മൂന്നാറിന്‍റെ സ്ഥിതി മറ്റ് പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ടൗണില്‍ മാത്രമാണ് മറ്റ് നെറ്റുവര്‍ക്കുകളുടെ സേവനങ്ങള്‍ ലഭിക്കുന്നത്. 

തൊഴിലാളികള്‍ താമസിക്കുന്ന തോട്ടംമേഖലകളില്‍ ബിഎസ്എന്‍എല്‍ സേവനം മാത്രമേ നിലവിലുള്ളു. അതിനാല്‍ തൊഴിലാളികള്‍ക്ക് ഇവരെ ആശ്രയിക്കാതെ മറ്റ് മാര്‍ഗ്ഗമില്ല. എന്നാല്‍ ഇത്തരം ഉപഭോക്താക്കളെ വെട്ടിലാക്കുന്ന പ്രവര്‍ത്തനമാണ് ബി.എസ്.എന്‍.എല്‍ അധിക്യതര്‍ തുടരുന്നത്. മാട്ടുപ്പെട്ടി ടവറിന്‍റെ പ്രവര്‍ത്തനം നിലച്ചാല്‍ ഒട്ടുമിക്ക എസ്റ്റേറ്റ് മേഖലയും നിശ്ചലമാകും. ഇടമലക്കുടിയടക്കമുള്ള കുടികളുടെ അവസ്ഥയും ഇതുതന്നെയാണ്. 

പ്രളയത്തില്‍ തകരാറിലായ നെറ്റുവര്‍ക്കുകള്‍ ഇപ്പോഴും പുനസ്ഥാപിക്കാന്‍ അധിക്യതര്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ ചില ലാന്‍ഡ് ഫോണുകളുടെ സഹായത്തോടെയാണ് പലരും മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടുന്നത്.  ഇടമലക്കുടിയില്‍ നിന്നും ആരെങ്കിലും മൂന്നാറിലെത്തിയാല്‍ മാത്രമേ അവിടുത്തെ കാര്യങ്ങള്‍ പുറംലോകം അറിയുകയുള്ളു. 

ജീവനക്കാരുടെ കെടുകാര്യസ്ഥതയാണ് മൂന്നാറിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും 4 ജി അടക്കമുള്ള സിംകാര്‍ഡുകള്‍ വിതരണം നടത്തുമ്പോഴും നിലവിലുള്ള സേവനങ്ങള്‍ നടപ്പിലാകാത്തത് പ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമാക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു

click me!