കൊവിഡ് 19: മൂന്നാറില്‍ ജോലി നഷ്ടമായത് 10,000ലധികം തൊഴിലാളികള്‍ക്ക്

By Web TeamFirst Published Mar 19, 2020, 10:50 AM IST
Highlights
  • കൊവിഡ് 19 വൈറസ് രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ ജോലി നഷ്ടമായത് 10,000ലേറെ തൊഴിലാളികള്‍ക്ക്. 
  • ബ്രീട്ടീഷ് പൗരന് കൊവിഡ് സ്ഥിതീകരിച്ചതോടെ റിസോര്‍ട്ടുകളും കോട്ടേജുകളും കച്ചടവസ്ഥാപനങ്ങളും കൂട്ടത്തോടെ പൂട്ടി

ഇടുക്കി: കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ ജോലി നഷ്ടമായത് 10000ലധികം തൊഴിലാളികള്‍ക്ക്. ബ്രീട്ടീഷ് പൗരന് കൊവിഡ് സ്ഥിതീകരിച്ചതോടെ റിസോര്‍ട്ടുകളും കോട്ടേജുകളും കച്ചടവസ്ഥാപനങ്ങളും കൂട്ടത്തോടെ പൂട്ടിയതാണ് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണം. 

തെക്കിന്റെ കശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറില്‍ ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത് ആയിരങ്ങളാണ്. എസ്റ്റേറ്റുകളില്‍ 12000 തൊഴിലാളികള്‍ക്ക് ജോലിചെയ്യുമ്പോള്‍ അതിന് സമാനമായി മൂന്നാര്‍ ആനച്ചാല്‍ പള്ളിവാസല്‍ പോതമേട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകളടക്കമുള്ളവര്‍ വിവിധ ജോലികള്‍ ചെയ്യുന്നു. ഫ്രണ്ട് ഓഫീസുകള്‍ മുതല്‍ ഹൗസ് കീപ്പിംങ്ങ് വരെയുള്ള ജോലികള്‍ ചെയ്യുന്നതിന് ഓരോ ഹോട്ടലുകളിലും 10 മുതല്‍ 100 തൊഴിലാളികള്‍വരെയാണ് ഉടമകള്‍ നിയമിച്ചിരുന്നത്.

എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പൂട്ടിയത് തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. പെട്ടെന്ന് സ്ഥാപനങ്ങള്‍ പൂട്ടിയതോടെ പല വീടുകളും പട്ടിണിയുടെ വക്കിലാണ്. മൂന്നാര്‍ ടൗണിലെ കച്ചവടസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യന്നവരുടെ അവസ്ഥയും മറിച്ചല്ല. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നുകിടന്ന ടൂറിസം മേഖല കഴിഞ്ഞ കുറച്ചുനാളുകളായി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. വേനല്‍കാല അവധി മുന്നില്‍ കണ്ട് വ്യാപാരികള്‍ ലക്ഷകണക്കിന് സാധനങ്ങളാണ് സ്ഥാപനങ്ങളില്‍ എത്തിച്ചിരുന്നത്. സന്ദര്‍ശകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഹോംമേട് ചോഗ്ലേറ്റുകളടക്കം കിലോ കണക്കിന് മൊത്തവ്യാപാരികള്‍ കച്ചവടസ്ഥാപനങ്ങളില്‍ നിറയ്ക്കുകയും ചെയ്തു.

വൈറസിന്റെ വ്യാപനം കൂടിയാല്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നാണ് മൂന്നാറില്‍ വര്‍ഷങ്ങളായി കച്ചവടം നടത്തുന്ന ബിനുപാപ്പച്ചന്‍ പറയുന്നത്. കൊവിഡിന്റെ ഭീതി ഒഴിഞ്ഞാലും സന്ദര്‍ശകരുടെ കുത്തൊഴുക്ക് വീണ്ടുമെത്തണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. മെയ് അവസാനത്തോടെ കാലവര്‍ഷം പെയ്തിറങ്ങുന്നതോടെ മൂന്നാര്‍ ടൂറിസം പൂര്‍ണ്ണമായി തകര്‍ന്നടിയും. വൈറസിന്റെ കാര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ നിലനില്‍പ്പിന് പരിഹാരമുണ്ടാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!