
കോഴിക്കോട്: നഗര സൗന്ദര്യവല്‍കരണത്തിന്‍റെ ഭാഗമായി റോഡരികില്‍ സ്ഥാപിച്ച ചെടിച്ചട്ടികള്‍ എറിഞ്ഞു നശിപ്പിച്ചു. വടകരയിലാണ് സംഭവം. എടോടി ബിവറേജ് ഔട്ട്‌ലെറ്റിന് സമീപം റോഡിനോട് ചേര്‍ന്ന കൈവരിയില്‍ സ്ഥാപിച്ച ചെടിച്ചട്ടികളാണ് നശിപ്പിച്ചത്. 25ഓളം ചെടിച്ചട്ടികള്‍ റോഡില്‍ എറിഞ്ഞ് തകര്‍ത്ത നിലയിലായിരുന്നു. രാവിലെ നഗരത്തില്‍ എത്തിയവരാണ് സംഭവം കണ്ടത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ അസമിലെ പഞ്ചഗ്രാം സ്വദേശി റഫീഖുദ്ദീനാണ് ഈ അതിക്രമത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ മാനസിക പ്രശ്നമുള്ള ഇയാളെ പിന്നീട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തൊഴില്‍ തേടിയാണ് ഇയാള്‍ വടകരയില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ബന്ധുക്കള്‍ ആരെങ്കിലും വടകരയില്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി വടകര പൊലീസ് അധികൃതര്‍ പറഞ്ഞു.