ഓണമുണ്ണാൻ തറവാട്ടിലെത്തി, കണ്ണീരിൽ അവസാനിച്ച ഓണാഘോഷം, അമ്മയുടെയും മകളുടെയും മരണത്തിൽ വിറങ്ങലിച്ച് നാട്

Published : Sep 10, 2022, 06:24 PM IST
ഓണമുണ്ണാൻ തറവാട്ടിലെത്തി, കണ്ണീരിൽ അവസാനിച്ച ഓണാഘോഷം, അമ്മയുടെയും മകളുടെയും മരണത്തിൽ വിറങ്ങലിച്ച് നാട്

Synopsis

ഒതളൂരിലെ തറവാട് വീട്ടില്‍ ഓണമുണ്ണാന്‍ സന്തോഷത്തോടെ വിരുന്നിനെത്തിയതായിരുന്നു കുന്നംകുളം  കാണിപ്പയ്യൂര്‍ അമ്പലത്തിങ്കല്‍ ഷൈനിയും കുടുംബവും

മലപ്പുറം: ഒതളൂരിലെ തറവാട് വീട്ടില്‍ ഓണമുണ്ണാന്‍ സന്തോഷത്തോടെ വിരുന്നിനെത്തിയതായിരുന്നു കുന്നംകുളം  കാണിപ്പയ്യൂര്‍ അമ്പലത്തിങ്കല്‍ ഷൈനിയും കുടുംബവും. എന്നാല്‍ അവര്‍ക്ക് കരുതി വെച്ചത് സന്തോഷമായിരുന്നില്ല. സങ്കട പെരുമഴയായിരുന്നു. അവധിക്കാലവും ഓണത്തിന്റെയും ആഘോഷത്തിലായിരുന്നു ഇവര്‍. അതിനിടയിലാണ് ആറ്റിലേക്ക് കുളിക്കാന്‍ പോവാം എന്നുള്ള ആഗ്രഹം ഉണ്ടായത്.

അങ്ങനെ അടുത്തുള്ള ആറ്റിലേക്ക് കുളിക്കാന്‍ കുടുംബത്തോടൊപ്പം പോയതാണ് ഇവര്‍. പാടശേഖരത്തില്‍ കുളിക്കാൻ ഇറങ്ങിയതിനിടെ മകള്‍ വെള്ളത്തില്‍ വീണു. രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു അമ്മ. എന്നാല്‍ നാടിനെ കണ്ണീരണിയിച്ച് അമ്മയും മകളും മുങ്ങി മരിക്കുകയായിരുന്നു. മകള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതായിരുന്നു അമ്മ. 

കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് നിലവിളിച്ച് സമീപത്തുള്ള ആളുകളെ കൂട്ടിയത്. നാട്ടുകാരും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുന്നംകുളം  കാണിപ്പയ്യൂര്‍ അമ്പലത്തിങ്കല്‍ ഷൈനി (40), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഷൈനിയും എട്ടാം ക്ലാസില്‍ പഠിക്കുന്ന ആശ്ചര്യയും ഒതളൂര്‍ പള്ളിക്കര ബണ്ട് റോഡ് വെമ്പുഴ കോൾ പാടശേഖരത്തിലാണ് മുങ്ങിമരിച്ചത്.

ഒതളൂരിലെ തറവാട് വീട്ടില്‍ ഓണാവധിക്ക് എത്തിയതു മുതൽ വലിയ ആഘോഷത്തിലായിരുന്നു കുടുംബം. എന്നാൽ ഈ ആഘോഷങ്ങൾ തുടരുന്നതിനിടെ ആയിരുന്നു അപകടം തേടിയെത്തിയത്. കുടുംബത്തെ പോലെ തന്നെ അപ്രതീക്ഷിതമായ മരണങ്ങളിൽ വിറങ്ങലിച്ചിരിക്കുകയാണ് നാടും നാട്ടുകാരും. മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Read more: 'ഇടുക്കിയിലെ 47,000 രൂപ വിലയുള്ള മത്തങ്ങ', ഭാഗ്യം മത്തങ്ങയുടെ രൂപത്തിലും എത്തുമെന്ന് ഓണഘോഷ കമ്മിറ്റി

അതേസമയം, അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, ചെറുകോൽപ്പുഴ സ്വദേശി വിനീഷ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ കാണാതായി. മാവേലിക്കര വലിയ പെരുംമ്പുഴ കടവിൽ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ