Latest Videos

മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് പരിശോധന; 43 ബസ്സുകള്‍ക്കെതിരെ കേസ്

By Web TeamFirst Published Jun 12, 2019, 11:12 PM IST
Highlights

പ്രവര്‍ത്തനക്ഷമമല്ലാത്തതും വിഛേദിച്ച നിലയിലുളളതുമായ സ്പീഡ് ഗവര്‍ണ്ണര്‍, സംവരണ സീറ്റുകള്‍ പ്രദര്‍ശിപ്പിക്കാത്തത്, ചവിട്ടുപടിയുടെ ഉയരക്കൂടുതല്‍, വൈപ്പര്‍, ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത, സീറ്റുകള്‍, സൈഡ് ഷട്ടര്‍, നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയുളള ഹാന്റ് ഗ്രിപ്പ്, ചവിട്ടുപടി എന്നിവ സംബന്ധിച്ച ദ്രുതപരിശോധനയാണ് നടത്തിയത്

കോഴിക്കോട്: കോഴിക്കോട്, വടകര, നാദാപുരം, ഫറോക്ക് എന്നിവിടങ്ങളിലെ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. 124 ബസ്സുകള്‍ പരിശോധിച്ചതില്‍ 43 ബസ്സുകള്‍ക്കെതിരെ വിവിധ വകുപ്പുകളില്‍ കേസെടുത്തു. പ്രവര്‍ത്തനക്ഷമമല്ലാത്തതും വിഛേദിച്ച നിലയിലുളളതുമായ സ്പീഡ് ഗവര്‍ണ്ണര്‍, സംവരണ സീറ്റുകള്‍ പ്രദര്‍ശിപ്പിക്കാത്തത്, ചവിട്ടുപടിയുടെ ഉയരക്കൂടുതല്‍, വൈപ്പര്‍, ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത, സീറ്റുകള്‍, സൈഡ് ഷട്ടര്‍, നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയുളള ഹാന്റ് ഗ്രിപ്പ്, ചവിട്ടുപടി എന്നിവ സംബന്ധിച്ച ദ്രുതപരിശോധനയാണ് ബസ് സ്റ്റാന്റില്‍ നടത്തിയത്.

സ്പീഡ് ഗവര്‍ണ്ണര്‍ വിഛേദിച്ച് സര്‍വ്വീസ് നടത്തിയ 18 ബസ്സുകള്‍ക്കും ലൈറ്റുകള്‍ യഥാവിധി പ്രവര്‍ത്തിക്കാത്ത 10 വാഹനങ്ങള്‍ക്കും മുന്‍ വശത്തെ ഗ്ലാസ്സ് പൊടിപറ്റിയ നിലയില്‍ ഓടിയ ഒരു ബസ്സിനും തേയ്മാനം വന്ന ടയര്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തിയ 11 ബസ്സുകള്‍ക്കും എതിരെ കേസ് ചുമത്തി. കൂടാതെ എയര്‍ ഹോണ്‍ ഉപയോഗിച്ച 6 വാഹനങ്ങള്‍ക്കെതിരെയും ചവിട്ടുപടിയുടെ ഉയരം ക്രമാതീതമായി കൂടിയതായി കണ്ടെത്തിയ 11 വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തു. 4 ബസ്സുകള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കി.

കോഴിക്കോട് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എ.കെ ശശികുമാര്‍, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.എം ഷബീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു  പ്രത്യേക പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍മാരായ ചന്ദ്രകുമാര്‍, രാകേഷ് എന്നിവര്‍ വടകര, നാദാപുരം സ്റ്റാന്റുകളില്‍ പരിശോധനയ്ക്കും സനല്‍, രണ്‍ദീപ് എന്നിവര്‍ കോഴിക്കോട് നഗരത്തിലെ പരിശോധനയ്ക്കും നേതൃത്വം നല്‍കി.

അധ്യാപികയോടൊപ്പം ബസ്സില്‍ കയറിയ വിദ്യാര്‍ത്ഥിയോട് സീറ്റില്‍ കയറി ഇരുന്നതിന് അപമര്യാദയായി പെരുമാറിയ കോഴിക്കോട് കൊയിലാണ്ടി റൂട്ടിലോടുന്ന ബസ്സിനെതിരെ കേസ് എടുത്ത് കണ്ടക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. യാത്രക്കാര്‍ക്ക് കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ 8281786094 എന്ന നമ്പറില്‍ പരാതി നല്‍കാമെന്നും അധികൃതർ.

click me!