
പാലക്കാട്: പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക് കത്തിച്ച മണ്ണാർക്കാട് പൊലീസിന് നഗരസഭയുടെ പിഴ. 5000 രൂപയാണ് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിവരുമെന്ന് കാണിച്ച് സെക്രട്ടറി മണ്ണാർക്കാട് എസ്എച്ച്ഒയ്ക്കു നോട്ടീസ് നൽകി. തിങ്കളാഴ്ചയാണ് പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നുണ്ടെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചത്.
നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധിച്ച് പരാതി ശരിയാണെന്ന് ഉറപ്പു വരുത്തി. നേരത്തെയും പൊലീസിന് എതിരെ സമാന പരാതിയുണ്ടായിട്ടുണ്ടായിരുന്നു. സ്ഥാപനങ്ങളിലെ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നഗരസഭ ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസിലും ക്ലാസ് എടുത്തിരുന്നു.
എല്ലാ സ്ഥലങ്ങളില്‍ നിന്നും ഹരിതകർമ സേനാംഗങ്ങൾ മാലിന്യം ശേഖരിക്കുന്നുമുണ്ട്. എന്നിട്ടും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിക്കുന്ന സാഹചര്യത്തിലാണ് പിഴ ചുമത്തിയതെന്ന് നഗരസഭ സെക്രട്ടറി എം സതീഷ്കുമാർ പറഞ്ഞു. നഗരസഭാ പരിധിയിലെ ഏത് സ്ഥാപനത്തിലും നിയമവിരുദ്ധമായി മാലിന്യം കത്തിച്ചാൽ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയച്ചു. സമാന കേസിൽ നേരത്തെ സിവിൽ സ്റ്റേഷനിലും പിഴ ചുമത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam