മൂന്നാര്‍ പഞ്ചായത്തിന്‍റെ അനധികൃത നിര്‍മാണം; പ്രസിഡന്‍റും സെക്രട്ടറിയും വിശദീകരണം നല്‍കും

By Web TeamFirst Published Feb 12, 2019, 9:33 PM IST
Highlights

റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ നിർമ്മാണം നടത്തിയ സംഭവത്തിൽ പഞ്ചായത്ത് ഡയറക്ടർ സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പഞ്ചായത്തിന്റെ നടപടി ന്യായീകരിച്ചുള്ള മറുപടിയാണ് വകുപ്പിന് കൈമാറുന്നത്

ഇടുക്കി: പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലം കയ്യേറി അനധികൃതമായി ആരംഭിച്ച  കെട്ടിട നിര്‍മാണം പൂർത്തിയാക്കാൻ അനുമതി തേടി മൂന്നാർ പഞ്ചായത്ത് തലസ്ഥാനത്തേക്ക്. പഞ്ചായത്ത് പ്രസിഡന്‍റ് ആർ. കറുപ്പസ്വാമിയും സെക്രട്ടറിയും പഞ്ചായത്ത് ഡയറക്ടർ ഓഫീസിലെത്തി സബ് കളക്ടറുടെ നടപടി വിശദീകരിക്കുകയും നിർമ്മാണത്തിന് അനുമതി ആവശ്യപ്പെടുകയും ചെയ്യും.

റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ നിർമ്മാണം നടത്തിയ സംഭവത്തിൽ പഞ്ചായത്ത് ഡയറക്ടർ സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പഞ്ചായത്തിന്റെ നടപടി ന്യായീകരിച്ചുള്ള മറുപടിയാണ് വകുപ്പിന് കൈമാറുന്നത്. കോടതിയലക്ഷ്യ നടപടികളിൽ നിന്ന് സെക്രട്ടറിയെ ഒഴിവാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നൽകുന്ന കത്തിൽ പറയുന്നു.

മുതിരപ്പുഴയാറില്‍ നിന്നും നിയമപരമായി പാലിക്കേണ്ട അകലമില്ലാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്നാണ് പഞ്ചായത്തിനെതിരെയുള്ള പരാതി. മൂന്നാര്‍ പഞ്ചായത്തിന്‍റെ ഫണ്ടുപയോഗിച്ച് കെഡിഎച്ച്പി കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്താണ് വനിതാ വ്യവസായ കേന്ദ്രം പണിയുന്നത്.  

റവന്യുവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് പഞ്ചായത്ത്  കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. ആരോപണങ്ങളും പരാതികളും വകവെയ്ക്കാതെ നടത്തിയ നിര്‍മ്മാണത്തിനെതിരെ റവന്യുവകുപ്പ് രംഗത്തെത്തുകയായിരുന്നു.

അതിന് ശേഷം നിർത്തിവെക്കൽ നോട്ടീസ് നൽകിയിട്ടും പണിതുടർന്ന  മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയിൽ ദേവികുളം സബ് കളക്ടർ റിപ്പോർട്ട് നൽകി. 2010ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ എന്‍ഒസി ഇല്ലാതെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് കണ്ടെത്തിയതോടെയാണ് ദേവികുളം സബ് കളക്ടര്‍ രേണു രാജ് കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നല്‍കിയത്.

click me!