
മൂന്നാര്‍. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കടക്കം അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായാണ് മൂന്നാര്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി ആംബുലന്‍സിന്റെ സേവനം ഏര്‍പ്പെടുത്തിയത്. എന്നാൽ ഈ ആംബുലൻസ് സേവനം ഇപ്പോൾ ലഭ്യമാകാത്ത അവസ്ഥയിലാണ്. ആംബുലന്‍സിനുള്ള നികുതിപ്പണം സമയത്ത് അടയ്ക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിയായത്. യു ഡി എഫ് ഭരണകാലത്ത് ക്യത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി തൊഴിലാളികള്‍ക്ക് ഗുണമായി മാറിയിരുന്ന വാഹനം ഇടതുമുന്നണി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കട്ടപ്പുറത്തായെന്ന വിമർശനവുമായി പ്രതിപക്ഷവും രംഗത്തുണ്ട്.
സംഭവം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ വിശദീകരണവുമായി രംഗത്തെത്തി. വാഹനത്തിന്‍റെ നികുതി നല്‍കുന്നതില്‍ പിഴവ് സംഭവിച്ചെന്നും അവസാന സമയത്ത് പണം അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ സമരം മൂലം കഴിഞ്ഞില്ലെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞത്. തിങ്കളാഴ്ച പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറിന്‍റെ സമഗ്രവികസം ലക്ഷ്യമെന്ന മുദ്രാവാക്യവുമായി ഭരണം ഏറ്റെടുത്ത ഇടതു മുന്നണിക്ക് നിലവില്‍ യാതൊരുവിധ വികസനവും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത രണ്ടാഴ്ചയായി പെയ്യുന്ന കനത്തമഴയില്‍ തോട്ടം മേഖലയിലെ കുട്ടികൾ പ്രതിസന്ധിയിലാണെന്നതാണ്. പ്ലസ് വൺ അലോട്ട്മെന്‍റിന് രജിസ്റ്റർ ചെയ്യേണ്ട കുട്ടികളാണ് വലിയ പ്രതിസന്ധി നേരിടുന്നത്. മൊബൈല്‍ റേഞ്ച് ലഭിക്കാത്തതിനാൽ ഓണ്‍ലൈനില്‍ അലോട്ട്‌മെന്റ് നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കള്‍. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് സമയം നീട്ടിനല്‍കണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍ ആവശ്യപ്പെട്ടു.
രണ്ടാഴ്ചയായി പെയ്യുന്ന കനത്തമഴയില്‍ എസ്റ്റേറ്റ് മേഖലയില്‍ വൈദ്യുതി നിശ്ചലമായതോടെ മൊബൈല്‍ ടവറുകള്‍ പണിമുടക്കി. ഇതോടെ തൊഴിളികള്‍ക്ക് ആശയവിനിമയം പോലും നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല. മഴകനത്തതോടെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത് കുട്ടികള്‍ മൂന്നാറിലെത്തിയപ്പോഴാണ് അറിഞ്ഞത്. ഇതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അലോട്ട്‌മെന്റ് സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ മക്കള്‍ക്ക് അലോട്ട്‌മെന്റില്‍ പേര് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ബിഎസ്എന്‍എല്‍ ടവറുകളുടെ സേവനം മാത്രമാണ് എസ്റ്റേറ്റ് മേഖലയില്‍ നിലവിലുള്ളത്. സ്വകാര്യ കമ്പനിയുടെ ടവറുകളുടെ സേവനം ലഭ്യമാക്കാന്‍ ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ നടപടികള്‍ സ്വീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam