
ആലപ്പുഴ: ആലപ്പുഴ ജില്ലാപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ മുസ്ലിം ലീഗിന്‍റെ തീരുമാനം. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചയിൽ ധാരണയാകാത്തതിനെ തുടർന്നാണ് ലീഗിന്‍റെ കടുത്ത തീരുമാനം. അമ്പലപ്പുഴ ഡിവിഷനിൽ മുസ്ലീം ലീഗ് സ്ഥാനാഥിയെയും പ്രഖ്യാപിച്ചു. കോൺഗ്രസ് മത്സരിക്കാനിരുന്ന സീറ്റിലാണ് ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അമ്പലപ്പുഴ ഡിവിഷനിൽ ലീഗ് സ്ഥാനാർഥി ഇന്ന് പത്രിക നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൽത്താഫ് സുബൈർ ആണ് സ്ഥാനാർഥി. അമ്പലപ്പുഴ ഡിവിഷൻ ആവശ്യപ്പെട്ട ലീഗിന് പുന്നപ്ര നൽകാമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ പുന്നപ്ര വേണ്ടെന്നായിരുന്നു ലീഗ് നിലപാട്.
അതേസമയം അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാനാകാത്ത അവസ്ഥയിലാണ് കോൺഗ്രസ്. മൂന്ന് പേരുകളാണ് അമ്പലപ്പുഴ സീറ്റിനായി കോൺഗ്രസിന് മുന്നിൽ ഉള്ളത്. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ആർ കണ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. എം പി പ്രവീൺ, കോൺഗ്രസ് അധ്യാപക സംഘടന മുൻ സംസ്ഥാന പ്രസിഡന്റ് സി പ്രദീപ് എന്നിവരെയാണ് അമ്പലപ്പുഴയിൽ പാർട്ടി പരിഗണിക്കുന്നത്. ഇതിനിടയിൽ മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിന്‍റെ നിലപാട് എന്താകും എന്നത് കണ്ടറിയണം.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിപരിധി വെള്ളിയാഴ്ച ( നവംബർ 21 ) ഉച്ച മൂന്ന് മണിക്ക് അവസാനിക്കും. നിർദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയും 2 എ ഫാറവും പൂർണ്ണമായി പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് അതത് വരണാധികാരിക്ക് സമർപ്പിക്കണം. നവം. 22 ന് നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവം. 24 ( തിങ്കൾ ) ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.