രഹസ്യവിവരമുണ്ടെങ്കില്‍ മാത്രം വലയിലാകും; ഇല്ലെങ്കില്‍ മുത്തങ്ങ ചെക്പോസ്റ്റ് കള്ളക്കടത്തുകാര്‍ക്ക് 'ഈസി പാസ്'?

By Web TeamFirst Published Jan 28, 2022, 11:01 PM IST
Highlights

സ്‌കാനര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ചെക്പോസ്റ്റിലെ പരിശോധനക്ക് വേണമെന്ന ആവശ്യം ഉദ്യോഗസ്ഥരും ഉന്നയിക്കാറുണ്ട്. സംശയം തോന്നി ഏതെങ്കിലും ചരക്കുവാഹനങ്ങള്‍ പിടിച്ച് പരിശോധിക്കണമെങ്കില്‍ ചരക്ക് മുഴുവന്‍ ഇറക്കിവെക്കണം.
 

വിജയന്‍ തിരൂര്‍
 

കല്‍പ്പറ്റ: സ്വര്‍ണം മുതല്‍ മരത്തടികള്‍ വരെ, കുഴല്‍പ്പണം മുതല്‍ ഹാന്‍സ് പാക്കറ്റുകള്‍ വരെ അങ്ങനെ എന്തും കടത്താന്‍ എളുപ്പമുള്ള 'റൂട്ട്' ആണോ മുത്തങ്ങ ചെക്പോസ്റ്റ്? ഒരു മാസത്തിനുള്ളില്‍ തന്നെ നിരന്തരം ലഹരി വസ്തുക്കളും കുഴപ്പണവുമൊക്കെ പിടികൂടപ്പെടുമ്പോള്‍ കടത്തുകാരുടെ ഇഷ്ടവഴികളില്‍ ഒന്നാണ് ഈ ചെക്പോസ്റ്റ് എന്നാണ് കരുതേണ്ടത്. 

ഇന്നലെ ഒരു കോടി 73 ലക്ഷം രൂപ (500 രൂപയുടെ കള്ളനോട്ട് അടക്കം) പിടിച്ചെടുത്തതും എസ്.പിക്ക് മുന്‍കൂട്ടി വിവരം ലഭിച്ചതിന്റെ പേരില്‍ മാത്രമാണ്. ഇല്ലായിരുന്നെങ്കില്‍ ഈച്ച പോലും അറിയാതെ സര്‍ക്കാരിന് ലഭിക്കേണ്ട ആദായ നികുതിയും വെട്ടിച്ച് ഈ പണം ലക്ഷ്യസ്ഥാനത്ത് എത്തുമായിരുന്നു. ഇതര കടത്തുസംഘങ്ങളോ മറ്റോ നല്‍കുന്ന വിവരങ്ങളാണ് പൊലീസിനെയും മറ്റു വകുപ്പുകളെയും സഹായിക്കുന്നത്. 2018 സെപ്റ്റംബറില്‍ ഒന്നരക്കോടിയിലധികം (1,54,9500 രൂപ) രൂപയുടെ കുഴല്‍പ്പണം അതിര്‍ത്തി കടത്താന്‍ ശ്രമിക്കവെ പിടിച്ചെടുത്തിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ബന്ദിപ്പൂര്‍ വഴി കേരളത്തിലേക്ക് പുറപ്പെട്ട വാഹനങ്ങളിലൊന്നില്‍ രേഖകളില്ലാത്ത പണം കടത്തുന്നുണ്ടെന്ന വിവരമാണ് അന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പരിശോധന നടക്കുന്നതിനിടെ കൂസലില്ലാതെ മിനിലോറിയുമായി രണ്ട് യുവാക്കളെത്തി. കോഴിക്കോട് അടിവാരത്ത് നിന്നുള്ള മത്സ്യലോഡ് ബാംഗ്ലൂരില്‍ ഇറക്കി തിരിച്ചുവരികയാണെന്നും മൂന്ന് ദിവസം മുമ്പാണ് തങ്ങള്‍ ചെക്പോസ്റ്റ് കടന്നു പോയതെന്നും യുവാക്കള്‍ അറിയിച്ചു. 

 

കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ.കെ. ആറ്റകോയ, കരിമ്പനക്കല്‍ മുസ്തഫ

ഇന്നലെ പണം കടത്താന്‍ ഉപയോഗിച്ച അതേ മോഡല്‍ വാഹനമായിരുന്നു അന്നും ഉപയോഗിച്ചിരുന്നത്. അശോക് ലൈലാന്റ് ദോസ്ത് കണ്ടെയിനര്‍ എന്ന വ്യത്യാസം മാത്രമെ ഉണ്ടായിരുന്നുള്ളു. അന്ന് മത്സ്യം കൊണ്ടു പോകുന്നതിന്റെ മറവിലായിരുന്നെങ്കില്‍ ഇന്നലെ പണം കടത്തിയത്  പച്ചക്കറി ലോഡിന്റെ മറവിലായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ക്യാബിനില്‍ കയറി പരിശോധന നടത്തിയപ്പോഴാണ് കണ്ടെയിനറിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്്. ഒരു മാസമായി 'മത്സ്യലോഡുമായി' ചെക്പോസ്റ്റ് കടന്നുപോകുന്നുണ്ടെന്നും പണം കടത്തിയത് അടിവാരം സ്വദേശിക്കായിരുന്നുവെന്നും പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. 

എന്നാല്‍ അടിവാരം സ്വദേശി ആരെന്നോ ആര്‍ക്കെല്ലാമാണ് പണം എത്തിയിരുന്നതെന്നോ കണ്ടെത്തിയതായി അറിവില്ല. കോഴിക്കോട്  താമരശേരി പുതുപ്പാടി കാരക്കുന്നുമ്മല്‍ ടി.പി. മുജീബ് (37), കാരക്കുന്നുമ്മല്‍ അബ്ദുല്‍ഖാദര്‍ (30) എന്നിവരാണ് 2018ലെ കേസില്‍ പിടിയിലായത്. ഇന്നലെ പൊന്‍കഴിയില്‍ പിടിയിലായ യുവാക്കളും കോഴിക്കോട് സ്വദേശികളാണ്. വാഹനഡ്രൈവര്‍ കൊടുവള്ളി കെടേക്കുന്നുമ്മല്‍ കെ.കെ. ആറ്റകോയ (24), കൊടുവള്ളി കരിമ്പനക്കല്‍ മുസ്തഫ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ മുസ്തഫയെ സുല്‍ത്താന്‍ബത്തേരി ടൗണില്‍ നിന്നാണ് പിടികൂടിയത്. പദ്ധതിയെല്ലാം ആസുത്രണം ചെയ്ത ശേഷം ഗുണ്ടല്‍പേട്ടില്‍ നിന്ന് ബസില്‍ സുല്‍ത്താന്‍ബത്തേരിയിലേക്ക് എത്തുകയായിരുന്നു മുസ്തഫ. മുന്‍പും ഇയാള്‍ ഇത്തരത്തില്‍ പണം കടത്തിയിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. ഇക്കാര്്യങ്ങള്‍ കൊണ്ടായിരിക്കാം മറ്റൊരു മാര്‍ഗ്ഗം സ്വീകരിച്ച് ഇയാള്‍ അതിര്‍ത്തി കടന്നിട്ടുണ്ടാവുക എന്നാണ് അന്വേഷണം സംഘം കരുതുന്നത്. 2018-സെപ്റ്റംബര്‍ മാസത്തിന് മുമ്പും വിവിധ കേസുകളിലായി രണ്ടരക്കോടി രൂപയുടെ കുഴല്‍പ്പണം മുത്തങ്ങ ചെക്പോസ്റ്റിലെ എക്‌സൈസ് വിഭാഗം പിടിച്ചെടുത്തിരുന്നു. 

അതേസമയം ആരും വിവരം നല്‍കിയില്ലെങ്കില്‍ സംശയം തോന്നുന്ന ചരക്കുവാഹനങ്ങള്‍ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം അതിര്‍ത്തിയില്‍ ഇല്ല എന്നതാണ് വാസ്തവം. സ്‌കാനര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ചെക്പോസ്റ്റിലെ പരിശോധനക്ക് വേണമെന്ന ആവശ്യം ഉദ്യോഗസ്ഥരും ഉന്നയിക്കാറുണ്ട്. സംശയം തോന്നി ഏതെങ്കിലും ചരക്കുവാഹനങ്ങള്‍ പിടിച്ച് പരിശോധിക്കണമെങ്കില്‍ ചരക്ക് മുഴുവന്‍ ഇറക്കിവെക്കണം. അഥവാ നിയമലംഘനങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചരക്കുകള്‍ പഴയപടി ലോഡ് ചെയ്ത് നല്‍കേണ്ടിയും വരും. എന്നാല്‍ ഇതിനുള്ള ആള്‍ബലമോ സംവിധാനങ്ങളോ ഒരു ചെക്പോസ്റ്റുകളിലും ഇല്ല. വിദേശരാജ്യങ്ങളില്‍ വമ്പന്‍ ട്രക്കുകള്‍ പോലും സ്‌കാനറിനുള്ളിലൂടെ കടത്തിവിടുന്ന സംവിധാനം ഉണ്ട്. ഇതിന്റെ ചെറിയ പതിപ്പെങ്കിലും പ്രധാന ചെക്പോസ്റ്റുകളില്‍ ഇല്ലെങ്കില്‍ കള്ളക്കടത്തുകാരെ പിടിക്കാന്‍ ആരെങ്കിലും നല്‍കുന്ന രഹസ്യവിവരത്തിനായി കാത്തിരിക്കേണ്ടി വരും അധികൃതര്‍ക്ക്.

click me!