
തിരുവനന്തപുരം: മദ്യപിച്ചുകൊണ്ട് വാഹനം ഓടിച്ച ആംബുലൻസ് ഡ്രൈവറുടെ വാർത്തയോട് പ്രതികരിച്ച് മോട്ടോർ വാഹന വകുപ്പ് രംഗത്ത്. മദ്യപിച്ച് വാഹനം ഓടിച്ച ആംബുലൻസ് ഡ്രൈവറുടെ പ്രവൃത്തി അവരുടെ തൊഴിലിന്റെ മഹത്വം പാലിക്കുന്നതിലുള്ള കടുത്ത നിന്ദയാണെന്നാണ് എം വി ഡി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇത് രോഗികളുടെ ജീവൻ അപകടത്തിലാക്കുക മാത്രമല്ല, അടിയന്തിര വൈദ്യസേവനങ്ങളിൽ ഏർപ്പെടുന്നവരെ കുറിച്ചുള്ള പവിത്രമായ വിശ്വാസത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്നുവെന്നും എം വി ഡി കുറ്റപ്പെടുത്തി.
എം വി ഡിയുടെ കുറിപ്പ്
ജീവൻ രക്ഷിക്കുന്നവരാണ് മറന്നുപോകരുത് ...
മദ്യപിച്ചുകൊണ്ട് വാഹനം ഓടിച്ച ആംബുലൻസ് ഡ്രൈവറുടെ പ്രവൃത്തി അവരുടെ തൊഴിലിന്റെ മഹത്വം പാലിക്കുന്നതിലുള്ള കടുത്ത നിന്ദയാണ്. ഇത് രോഗികളുടെ ജീവൻ അപകടത്തിലാക്കുക മാത്രമല്ല, അടിയന്തിര വൈദ്യസേവനങ്ങളിൽ ഏർപ്പെടുന്നവരെ കുറിച്ചുള്ള പവിത്രമായ വിശ്വാസത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. അത്തരം അശ്രദ്ധമായ പെരുമാറ്റം ആംബുലൻസ് ഡ്രൈവിംഗ് എന്ന മഹത്തായ തൊഴിലിന് ആവശ്യമായ അനുകമ്പ, അർപ്പണബോധം, നിസ്വാർത്ഥത എന്നിവയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ ലംഘിക്കുന്നു. അപൂർവ്വം ചിലരുടെ തീർത്തും മോശമായ ഇത്തരത്തിലുള്ള പെരുമാറ്റംകർശനമായി തടയേണ്ടത് ആ തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിക്കാനും അർപ്പണബോധത്തോടെയും അനുകമ്പയോടെയും പെരുമാറുന്ന മറ്റുള്ള ആംബുലൻസ് ഡ്രൈവേഴ്സിന്റെ മാന്യത സംരക്ഷിക്കുന്നതിന് അനിവാര്യമാണ്.
കേന്ദ്ര മോട്ടോർ വാഹന ചട്ടം 108 (4) പ്രകാരം എമർജൻസി ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള വാഹനങ്ങൾക്കാണ് റോഡിൽ മുൻഗണനയ്ക്ക് അർഹതയുള്ളത്. ഡ്രൈവിംഗ് റെഗുലേഷൻ 2014 ക്ലോസ് 27 പ്രകാരമാണ് ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് മുൻഗണന നിശ്ചയിച്ചിട്ടുള്ളത് എന്നാൽ ഈ മുൻഗണന നിശ്ചയിച്ചിട്ടുള്ളത് ജീവൻ രക്ഷ ഉറപ്പാക്കാനുതകുന്ന പ്രവർത്തിക്കാണ് മറിച്ച് വാഹനത്തിന് അല്ല എന്ന് മറന്ന് പോകരുത്....
മദ്യപിച്ച് വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
അതേസമയം മദ്യപിച്ച് വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവറുടെ ലൈസൻസ് നേരത്തെ എം വി ഡി സസ്പെൻഡ് ചെയ്തിരുന്നു. തൃശൂർ പാലിയേക്കരയിലാണ് കഴിഞ്ഞ ദിവസം മദ്യപിച്ച് വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. സേഫ് ആന്റ് ഫാസ്റ്റ് ആംബുലൻസ് ഡ്രൈവറാണ് പിടിയിലായ കെ ടി റെനീഷ്. മോട്ടോർ വാഹന വകുപ്പിന്റെ തൃശൂർ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കെ ടി റെനീഷിനെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം