സാറേ, ഇതാ ലൊക്കേഷൻ, ആള് മുറിയിലുണ്ട്! കോഴിക്കോട്ടെ ഹോട്ടൽ മുറി ചവിട്ടിത്തുറന്ന് പൊലീസ്; ആത്മഹത്യയിൽ നിന്നും യുവാവിനെ രക്ഷപ്പെടുത്തി

Vishnu KV   | ANI
Published : Jan 26, 2026, 02:19 PM IST
kerala police

Synopsis

'കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ അടുത്തുള്ള ഹോട്ടലുകാരൻ ആളെ തിരിച്ചറിഞ്ഞു. മൂന്നാംനിലയിലെ മുറിയിലേക്ക് സംഘം ഓടിയടുത്തു. വാതിലിൽ മുട്ടി, ഇടിച്ചു. പ്രതികരണമില്ല'

കോഴിക്കോട്: പ്രണയ നൈരാശ്യത്തെതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് രക്ഷരായി കോഴിക്കോട് നടക്കാവ് പൊലീസ്. കോ ഓപ്പറേറ്റീവ് ആശപത്രിക്ക് സമീത്തുള്ള ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി. സിനിമാക്കഥയെ വെല്ലുന്ന റിയൽ ലൈഫ് സ്റ്റോറിയാണ് കഴിഞ്ഞ വെള്ളിയാഴ്ച നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്നത്. 'കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കാണാനില്ല. ടവർ ലൊക്കേഷൻ കോഴിക്കോട് നടക്കാവ് സ്റ്റേഷൻ പരിധിയിലാണ്. ഫോട്ടോ, ഫോൺനമ്പർ, ടവർ ലൊക്കേഷൻ എന്നിവ അയക്കാം' വെള്ളിയാഴ്ച രാത്രി നടക്കാവ് സ്റ്റേഷനിലെ എഎസ്ഐ പി. സുനീഷിന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കൊടുവിലാണ് യുവാവിനെ പൊലീസ് രക്ഷിച്ചത്.

ആകെ കിട്ടിയ ലൊക്കേഷൻ എരഞ്ഞിപ്പാലം, ശാസ്ത്രിനഗർ എന്നുമാത്രം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം. ഒട്ടേറെ ഹോട്ടൽ, ഹോസ്റ്റൽ, ആശുപത്രി എന്നിവയുമുണ്ട്. ആലോചിച്ചുനിന്ന് സമയം കളയേണ്ടാ, ഇറങ്ങുകതന്നെ എന്ന തീരുമാനത്തിൽ എഎസ്ഐയും, സിപിഒ എൻ. നിഷോബും ഡ്രൈവർ എം. മുഹമ്മദ് ജിഷാദുമെത്തി. പ്രദേശത്തെത്തി പലസ്ഥലങ്ങളിലും തിരഞ്ഞു. ഹോട്ടലുകൾ കയറി ഫോട്ടോ കാണിച്ചന്വേഷിച്ചു. നാട്ടുകാരെയും ഫോട്ടോ കാണിച്ചുനോക്കി. പക്ഷേ ഫലമുണ്ടായില്ല. ഒടുവിൽ ജീപ്പ് പോകാൻ പ്രയാസമുള്ള സ്ഥലങ്ങളിലൂടെ കാൽ നടയായും പൊലീസ് സംഘം അന്വേഷണം തുടർന്നു. പല വീടുകളിലും തിരക്കി.  ഇത് പ്രതിയൊന്നുമല്ല, മിസ്സിംഗ് ആണെന്ന് പ്രദേശവാസികളേയും അറിയിച്ചു. ഒടുവിൽ നാട്ടുകാരും തിരച്ചിലിന് ഒപ്പംകൂടി. ഇതിനിടെ പൊലീസ്‌ സംഘത്തിനുനേരേ ഒരു നായ ചാടിവീണു. തലനാരിഴക്കാണ് പൊലീസുകാർ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നിട്ടും പൊലീസ് അന്വേഷണം തുടർന്നു.

നടപ്പ് ഏകദേശം അഞ്ചുകിലോമീറ്ററിലും അധികമായി. ആദ്യംചെന്ന സ്ഥലങ്ങളിൽ രണ്ടാംറൗണ്ട് ആരംഭിക്കാൻ തീരുമാനമായി. ചെന്ന സ്ഥലങ്ങളിൽ പൊലീസ് സംഘം വീണ്ടും ചെന്നു. അങ്ങനെ വീണ്ടുമെത്തിയപ്പോൾ കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ അടുത്തുള്ള ഹോട്ടലുകാരൻ ആളെ തിരിച്ചറിഞ്ഞു. മൂന്നാംനിലയിലെ മുറിയിലേക്ക് സംഘം ഓടിയടുത്തു. വാതിലിൽ മുട്ടി, ഇടിച്ചു. പ്രതികരണമില്ല. റൂം ബോയോട് സ്പെയർ കീ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കീ കൊണ്ട് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തുനിന്ന്‌ കുറ്റിയിട്ടതിനാൽ നടന്നില്ല.

പൊലീസ് കീ ഹോളിലൂടെ നോക്കിയപ്പോൾ കണ്ടത് ബെഡ്ഡിന് മുകളിൽ കയറിനിന്ന് ഒരു കസവുമുണ്ട് ഫാനിൽ കെട്ടാൻ ശ്രമിക്കുന്നു യുവാവിനെയാണ്. പിന്നെ ഒന്നും നോക്കിയില്ല, വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് സംഘം അകത്തുകടന്നു യുവാവിനെ താഴെയിറക്കി. പ്രണയ നൈരാശ്യത്തെതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് യുവാവ് പറയുന്നത്. ഹോട്ടൽ മുറിയിൽ എഴുതി വെച്ച ആത്മഹത്യക്കുറിപ്പിൽ എല്ലാമുണ്ടായിരുന്നു. ഒടുവിൽ ജീവിക്കാൻ പ്രേരണ നൽകുന്ന വാക്കുകൾകൊണ്ട് പൊലീസ് യുവാവിനെ ആത്മഹത്യ ശ്രമത്തിൽ നിന്നും പിന്തിരിപ്പിച്ചു. ഇതിനിടെ വിവരമറിഞ്ഞ് യുവാവിന്റെ വീട്ടുകാർ സ്ഥലത്തെത്തി. ജീവിതം ഇനിയുമുണ്ടെന്നും, ആസ്വദിക്കാനുള്ളതാണെന്ന് പറഞ്ഞ് പൊലീസ് യുവാവിനെ വീട്ടുകാരോടൊപ്പം തിരികെ അയക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി പട്രോളിങ്ങിനിടെ കണ്ടത് കാലിൽ മുറിവുമായി കിടക്കുന്ന സുമേഷിനെ, ഒട്ടും വൈകാതെ ആക്ഷൻ, യുവാവിന് രക്ഷകരായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍
രണ്ട് വാഹനങ്ങളിൽ ഇടിച്ച കെഎസ്ആർടിസി ബസിൻ്റെ ചക്രങ്ങൾ ഊരിത്തെറിച്ചു; മണ്ണൂത്തിയിൽ അപകടം